Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:23 AM IST Updated On
date_range 8 Aug 2022 1:23 AM ISTപഠനകാലയളവിന് മതിയായ സമയമില്ലെന്ന് പരാതി; ഡി.എല്‍.എഡ് വിദ്യാര്‍ഥികള്‍ ആശങ്കയില്‍
text_fieldsbookmark_border
മലപ്പുറം: ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ പഠനകാലയളവ് സംബന്ധിച്ച ഉത്തരവില്‍ മതിയായ സമയക്രമം അനുവദിക്കാത്തതിൽ വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ. പാഠഭാഗങ്ങള്‍ കൃത്യമായി പഠിക്കാനും അധ്യാപന പരിശീലനത്തിന് തയാറെടുക്കാനും മതിയായ സമയം അനുവദിക്കാതെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമയക്രമ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം രണ്ട്, നാല് സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിച്ച് ഒക്ടോബര്‍ 15ന് പൊതുപരീക്ഷ നടത്തി അവസാനിപ്പിക്കണം. എന്നാല്‍, രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നിന് ആരംഭിക്കേണ്ട ക്ലാസുകള്‍ തുടങ്ങുന്നതുതന്നെ ജൂണ്‍ 10നായിരുന്നു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ വൈകിയതായിരുന്നു കാരണം. ഒന്നാം സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ എട്ട്, ഒമ്പത് തീയതികളിലായിരുന്നു നടന്നത്. വിദ്യാഭ്യാസവകുപ്പ് ഉത്തരവ് പ്രകാരം ജൂണ്‍ ഒന്നിന് ആരംഭിച്ച് ആഗസ്റ്റ് 10 വരെ യൂനിറ്റ് പഠനവും യൂനിറ്റ് ടെസ്റ്റുകളും നടക്കണമെന്നാണ്. ആഗസ്റ്റ് 11 മുതല്‍ സ്കൂള്‍ അനുഭവ പരിപാടികളുടെ മുന്നൊരുക്കം ആരംഭിക്കും. 22 മുതല്‍ 27 വരെ സ്കൂളുകളില്‍ ഇന്റേണ്‍ഷിപ് നടത്തണം. 29 മുതല്‍ സെപ്റ്റംബര്‍ വരെ വീണ്ടും യൂനിറ്റ് വിനിമയം, യൂനിറ്റ് ടെസ്റ്റുകള്‍ നടക്കും. സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ സെമസ്റ്റർ പരീക്ഷകള്‍ നടക്കും. 28 മുതല്‍ ഒക്ടോബര്‍ ഏഴ് വരെ ജില്ല പ്രായോഗിക പരീക്ഷബോര്‍ഡ് സന്ദര്‍ശനവും മോഡല്‍ പരീക്ഷകളും നടക്കും. ഒക്ടോബര്‍ 10 മുതല്‍ 15 വരെ പൊതുപരീക്ഷകളും നടത്തുമെന്നാണ് ഉത്തരവില്‍ പറയുന്നത്. രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കുന്നതുതന്നെ നിശ്ചയിച്ച സമയം കഴിഞ്ഞ് 10 ദിവസങ്ങള്‍ക്കുശേഷമാണ്. ക്ലാസ് തുടങ്ങിയ ശേഷം ഒന്നാം സെമസ്റ്ററില്‍ റദ്ദാക്കിയ പരീക്ഷ വീണ്ടും നടത്തേണ്ടിവന്നു. ഇത് വിദ്യാര്‍ഥികളെ വലച്ചു. ഇതിനുപുറമെ അനുവദിച്ച സമയത്തില്‍തന്നെ ഓണം അവധിയുള്‍പ്പെടെയുള്ള പൊതു അവധികളും മഴയെത്തുടര്‍ന്നുള്ള അവധികളും ക്ലാസുകള്‍ നഷ്ടമാകാന്‍ ഇടയാക്കുന്നുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. അഡ്മിഷന് നടപടികള്‍ വൈകുന്നതാണ് ക്ലാസുകള്‍ ആരംഭിക്കാനുള്ള പ്രധാന വെല്ലുവിളി. ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ ഇപ്പോഴും ഓഫ്ലൈനാണ്. ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പ്രവേശനം വേഗത്തിലാക്കാനാകും. അധികൃതരുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്നും വിദ്യാർഥികളുടെ ആശങ്ക വിദ്യാഭ്യാസമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഡി.എൽ.എഡ് വിദ്യാർഥിയായ എം.ടി. മുർഷിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story