Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:51 AM IST Updated On
date_range 27 Jun 2022 5:51 AM ISTകൂട്ടിലങ്ങാടിയിൽ തെരുവുനായ് ശല്യം രൂക്ഷം; പരിഹാരം തേടി വ്യാപാരികൾ ജനപ്രതിനിധികളെ കണ്ടു
text_fieldsbookmark_border
കൂട്ടിലങ്ങാടി: പഞ്ചായത്തിലെ ടൗണുകളിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. പല സ്ഥലങ്ങളും രാപ്പകൽ ഭേദമന്യേ നായകളുടെ വിഹാര കേന്ദ്രങ്ങളാണ്. പ്രഭാത സമയത്ത് പള്ളിയിൽ പോകുന്നവർ, മദ്റസ, സ്കൂൾ, ട്യൂഷൻ സെന്‍റർ വിദ്യാർഥികൾ, പ്രഭാത സവാരിക്കാർ, പാൽ, പത്രവിതരണക്കാർ, വ്യാപാരികൾ, കാൽനട യാത്രക്കാർ തുടങ്ങിയവർക്കെതിരെ തെരുവുനായ്ക്കളുടെ ആക്രമണം നിത്യസംഭവമായിരിക്കുകയാണ്. കുട്ടികളെ തനിച്ച് പുറത്തുവിടാൻ രക്ഷിതാക്കൾ ഭയക്കുകയാണ്. പകൽ സമയങ്ങളിൽ നായകളുടെ റോഡിന് കുറുകെയുള്ള ഓട്ടം കാരണം വാഹനാപകടങ്ങളും ഉണ്ടാകുന്നു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും നായകളുടെ സാന്നിധ്യം ശല്യമായിട്ടുണ്ട്. തെരുവ് നായ്ക്കളെ വന്ധീകരിക്കുന്ന എ.ബി.സി പദ്ധതിയും നിലച്ചതോടെയാണ് ശല്യം വർധിച്ചതെന്ന് ജനം പറയുന്നു. പ്രശ്നത്തിൽ ശാശ്വത പരിഹാര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അബ്ദുസ്സമദ് സമദാനി എം.പി, മഞ്ഞളാംകുഴി അലി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ, ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എ. കരീം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഹുസൈൻ, ജില്ല പഞ്ചായത്ത് അംഗം ടി.പി. ഹാരിസ് എന്നിവർക്ക് നിവേദനം നൽകി. വിഷയം നിയമസഭയിൽ ഉന്നയിക്കാമെന്ന് എം.എൽ.എയും എ.ബി.സി പദ്ധതിക്ക് സർക്കാർ അനുമതി ലഭ്യമായാൽ അടുത്ത വാർഷിക പദ്ധതിയിൽ പുനരാരംഭിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റും ജില്ല മൃഗസംരക്ഷണ ഓഫിസറോട് റിപ്പോർട്ട് തേടുമെന്ന് ജില്ല കലക്ടറും നിവേദക സംഘത്തെ അറിയിച്ചു. വ്യാപാരി സംഘടന ഭാരവാഹികളായ തേറമ്പൻ മുനീർ, പി. മുഹമ്മദലി, റഊഫ് കൂട്ടിലങ്ങാടി, എൻ.കെ. മുജീബ് റഹ്മാൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. mm koottilangadi straydog കൂട്ടിലങ്ങാടിയിലെ തെരുവുനായ് ശല്യം പരിഹരിക്കണമെന്നാവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖക്ക് നിവേദനം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story