Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:42 AM IST Updated On
date_range 27 Jun 2022 5:42 AM ISTകാലവര്‍ഷം: ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കരുതൽ ശക്തമാക്കും
text_fieldsbookmark_border
ഓറഞ്ച് ബുക്ക് പ്രകാരമുള്ള ദുരന്തപ്രതികരണ നടപടി സ്വീകരിക്കാൻ നിർദേശം മലപ്പുറം: ജില്ലയിൽ കാലവർഷം കനക്കുന്ന പക്ഷം വനപ്രദേശങ്ങളിലെ ആദിവാസി കോളനികൾ, മലയോര പ്രദേശങ്ങൾ, തീരപ്രദേശം എന്നിവിടങ്ങളിൽ കൂടുതൽ കരുതൽ നൽകാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ജില്ല ഭരണകൂടം. ഒറ്റപ്പെട്ട പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് കാലാവസ്ഥ മാറ്റത്തെ കുറിച്ചുള്ള അറിയിപ്പുകളും ദുരന്ത മുന്നറിയിപ്പുകളും കൃത്യമായി എത്തിച്ചുകൊടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തയതായി ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ ശനിയാഴ്ച നടന്ന ജില്ല വികസന സമിതി യോഗത്തിൽ ജനപ്രതിനിധികളെ അറിയിച്ചിരുന്നു. മണ്‍സൂണ്‍ മുന്നൊരുക്കത്തിന്‍റെ ഭാഗമായി രണ്ടു തവണ ജില്ല ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) യോഗം ചേർന്ന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാൻ വകുപ്പുകള്‍ക്ക് നിർദേശം നല്‍കിയതായി ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. ഓറഞ്ച് ബുക്ക് പ്രകാരമുള്ള ദുരന്തപ്രതികരണ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും നിർദേശം നല്‍കിയതായി ജില്ല കലക്ടര്‍ വ്യക്തമാക്കി. പ്രകൃതിക്ഷോഭ സാഹചര്യമുണ്ടായാല്‍ ഓറഞ്ച് ബുക്കില്‍ നിഷ്കര്‍ഷിച്ച പ്രകാരം കോളനികള്‍, പുഴയുടെ തീരത്ത് താമസിക്കുന്നവര്‍, മലയുടെ ചരിവുകളിലും ഒറ്റപ്പെട്ട പ്രദേശത്തും താമസിക്കുന്നവര്‍ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് ഒഴിപ്പിക്കല്‍ സമയത്ത് മുന്‍ഗണ നല്‍കണമെന്ന് ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. കടല്‍ക്ഷോഭം തടയാനും നാശനഷ്ടങ്ങള്‍ കുറക്കാനുമായി വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടിയില്‍ കടലാക്രമണ പ്രതിരോധഭിത്തി നിര്‍മിക്കുന്നതിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്താൻ 2.12 കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും അരിയല്ലൂര്‍ പരപ്പാല്‍ ഭാഗത്ത് തീരസംരക്ഷണ പര്യവേക്ഷണം നടത്താൻ 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പുതുക്കിയ ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും വന്‍കിട ജലസേചന വിഭാഗം എക്സി. എൻജിനീയര്‍ പറഞ്ഞു. മഴക്കാലത്തിനു മുന്നോടിയായി തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം തടയാൻ ജില്ലക്ക് അനുവദിച്ച 20 ലക്ഷം രൂപയില്‍നിന്ന് 10 ലക്ഷം രൂപയുടെ അടിയന്തര സംരക്ഷണ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു. പൊന്നാനി ഇറിഗേഷന്‍ സബ് ഡിവിഷനാണ് പ്രവൃത്തി സംബന്ധിച്ച തുടര്‍നടപടി സ്വീകരിക്കേണ്ടത്. പുതുപൊന്നാനി അഴിമുഖത്ത് അടിഞ്ഞുകൂടിയ മണലും കല്ലും നീക്കാൻ 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി തുടങ്ങാനായേക്കും. box പുഴകളിലെ മാലിന്യം നീക്കൽ പൂർത്തിയായില്ല മലപ്പുറം: ജില്ലയിലെ പ്രധാന പുഴകളിൽ പ്രളയകാലത്ത് അടിഞ്ഞ മാലിന്യം നീക്കുന്നത് ഇനിയും പൂർത്തിയായില്ല. 2018 -19 പ്രളയത്തില്‍ ചാലിയാര്‍ പുഴയിലും കൈവഴികളിലും അടിഞ്ഞുകൂടിയ മാലിന്യം നീക്കൽ പ്രവൃത്തി തുടരുകയാണ്. 60 ശതമാനമാണ് പൂര്‍ത്തിയാക്കാനായതെന്ന് വന്‍കിട ജലസേചന വിഭാഗം എക്സി. എൻജിനീയര്‍ അറിയിച്ചു. ജൂണ്‍ 14 വരെ 76.78 ശതമാനം എക്കല്‍മണ്ണ് കടലുണ്ടിപ്പുഴയില്‍നിന്നും കൈവഴികളില്‍നിന്നുമായി നീക്കിയതായും ജൂണ്‍ 30നകം കടലുണ്ടിപ്പുഴയുടെ ഡിസില്‍റ്റേഷന്‍ പ്രവൃത്തി (ജലാശയങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടുത്താതെയുള്ള നവീകരണം) പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും എക്സിക്യൂട്ടിവ് എൻജിനീയര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി. 91 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയാക്കിയതായും കടലുണ്ടിപ്പുഴയില്‍ വെള്ളം കുറയുന്നതിന് അനുസരിച്ച് മാലിന്യം നീക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും ജോയന്‍റ് പ്രോഗ്രാം കോഓഡിനേറ്റര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story