Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:47 AM IST Updated On
date_range 26 Jun 2022 5:47 AM ISTകോട്ടയത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം
text_fieldsbookmark_border
പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു കോട്ടയം: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായി കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ വൻ സംഘർഷം. ഡിവൈ.എസ്.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഗാന്ധി സ്ക്വയറിൽനിന്നാണ് പ്രകടനം ആരംഭിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പ്രകടനം കലക്ടറേറ്റിന് മുന്നിലെത്തിയശേഷം മുതിർന്ന നേതാക്കൾ മടങ്ങി. ഇതിന് തൊട്ടുപിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കലക്ടറേറ്റ് സ്ഥിതിചെയ്യുന്ന ദേശീയപാത 183ൽ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചുകൊണ്ടായിരുന്നു മാർച്ചിനെ പൊലീസ് നേരിട്ടത്. കലക്ടറേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കലക്ടറേറ്റിലേക്ക് കല്ലേറുണ്ടായി. തൊട്ടടുത്തെ എസ്.പി ഓഫിസിന് മുന്നിലേക്ക് പ്രവർത്തകർ കൂട്ടമായെത്തി. പൊലീസ് തീർത്ത ബാരിക്കേഡുകൾ മറിച്ചിട്ട് എസ്.പി ഓഫിസിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചു. ഇതിനിടെ കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാറിന് പരിക്കേറ്റു. ജില്ല ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ സേനാംഗങ്ങളെ എത്തിച്ച പൊലീസ് പ്രവർത്തകരെ പിരിച്ചുവിടാൻ ലാത്തിവീശി. തുടർന്ന് കണ്ണീർവാതകവും പ്രയോഗിച്ചു. പൊലീസ് നടപടിയിൽ കോട്ടയം ജില്ല പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാട് അടക്കമുള്ള പ്രവർത്തകർക്ക് പരിക്കേറ്റു. പിരിഞ്ഞുപോയ പ്രവർത്തകർ സംഘടിച്ചെത്തി ഇടക്കിടെ പൊലീസുമായി ഏറ്റുമുട്ടി. നിരവധി പൊലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റു. ഇവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ഏഴുമണിയോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. പ്രകടനത്തെയും ആക്രമണത്തെയും തുടർന്ന് കോട്ടയം പട്ടണത്തിൽ രണ്ടുമണിക്കൂർ പൂർണമായും ഗതാഗതം സ്തംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story