Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:33 AM IST Updated On
date_range 23 Jun 2022 5:33 AM ISTതവനൂർ ഗവ. കോളജിലെ വിദ്യാർഥികൾക്ക് വാടക കെട്ടിടത്തിൽനിന്ന് മോചനം
text_fieldsbookmark_border
കുറ്റിപ്പുറം: ഏട്ട് വർഷത്തിന് ശേഷം തവനൂർ ഗവ. കോളജിൽ വിദ്യാർഥികൾക്ക് വാടക കെട്ടിടത്തിൽനിന്ന് മോചനമായി. ബുധനാഴ്ച മുതൽ മറവഞ്ചേരിയിൽ നിർമിച്ച പുതിയ കെട്ടിടത്തിൽ ക്ലാസ് ആരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 2021ൽ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫെബ്രുവരിയിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും നിർമാണം പൂർത്തിയായിരുന്നില്ല. പ്രവൃത്തികൾ പൂർത്തീകരിക്കാൻ സെപ്റ്റംബർ വരെ കരാറുകാരന് സമയം അനുവദിച്ചു. തുടർന്ന് ഉണ്ടായ കോവിഡ് വ്യാപനവും ലോക് ഡൗണും പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങാൻ കാരണമായി. അവസാനം വൈദ്യുതി ലഭിക്കാത്തതായിരുന്നു പ്രതിസന്ധിക്ക് കാരണം. 23 ലക്ഷം രൂപ ചെലവഴിച്ച് ത്രീ ഫേസ് ലൈൻ ലഭിച്ചതോടെയാണ് ക്ലാസുകൾ ആരംഭിച്ചത്. 2014ൽ തവനൂർ പഞ്ചായത്തിലെ അന്ത്യാളംകുടത്ത് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രീമെട്രിക് ഹോസ്റ്റലിലാണ് കോളജ് പ്രവർത്തനമാരംഭിച്ചത്. സ്വന്തം കെട്ടിടം നിർമിക്കാൻ മറവഞ്ചേരി നിള എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് 5.085 ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകുകയായിരുന്നു. റോഡിനാവശ്യമായ സ്ഥലം പാട്ടത്തിൽ ബാപ്പു ഹാജിയും വിട്ടുനൽകി. കിഫ്ബിയിൽനിന്ന് 10.24 കോടി ചെലവഴിച്ച് 4310 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം പണിത്. ആറ് ക്ലാസ് മുറികൾ, ഓഫിസ്, പ്രിൻസിപ്പല്‍ റൂം, രണ്ട് ലാബ് റൂമുകൾ, രണ്ട് സെമിനാർ ഹാൾ, കാന്റീൻ, ഓപൺ സ്റ്റേജ് തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായത്. ഇതിന് പുറമെ എം.എൽ.എ ഫണ്ടിൽ രണ്ട് ക്ലാസ് മുറികൾ കൂടി നിർമിച്ചു. ഇതിന്റെ ഉദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, വാർഡ് അംഗം സബിൻ ചിറക്കൽ, പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ. സുഭാഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി.വി. സീജ സ്വാഗതവും സീനിയർ സൂപ്രണ്ട് വി. അനസ് നന്ദിയും പറഞ്ഞു. Photo തവനൂർ ഗവ. കോളജിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച ക്ലാസ് മുറികളുടെ ഉദ്‌ഘാടനം ഡോ. കെ.ടി. ജലീൽ. എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
