Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:47 AM IST Updated On
date_range 16 Jun 2022 5:47 AM ISTബഹളത്തിൽ മുങ്ങി കുന്നംകുളം നഗരസഭ കൗൺസിൽ യോഗം
text_fieldsbookmark_border
കുന്നംകുളം: നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ പ്രതിഷേധം ആഞ്ഞുവീശി. മുദ്രാവാക്യം വിളി ഇരുവശത്തും ശക്തമായതോടെ യോഗം ബഹളത്തിൽ മുങ്ങി. തിരുവനന്തപുരത്ത് ഇന്ദിരാഭവന് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം ഉയർത്തിയതോടെ ഭരണകക്ഷിയായ സി.പി.എം അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന രാഹുൽഗാന്ധി രാജിവെക്കണമെന്ന് സി.പി.എം അംഗങ്ങൾ ആവശ്യപ്പെട്ടതോടെ യോഗം പ്രക്ഷുബ്ധമായി. സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളെ അപലപിച്ച് കൗൺസിൽ യോഗത്തിൽ കറുത്ത തുണി ഉയർത്തിപ്പിടിച്ചാണ് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധ സമരം തുടങ്ങിയത്. കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ, ലെബീബ് ഹസൻ, മിഷ സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതോടെ ഭരണപക്ഷ അംഗങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ വിമർശനങ്ങളുമായി എഴുന്നേറ്റു. ഡൽഹിയിൽ ഇ.ഡിയുടെ അന്വേഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധി എം.പി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. സ്ഥിരംസമിതി അധ്യക്ഷൻ പി.എം. സുരേഷിന്റെ നേതൃത്വത്തിലാണ് ഇരിപ്പിടങ്ങളിൽനിന്ന് എഴുന്നേറ്റ് പ്രതിഷേധം ഉയർത്തിയത്. അതേസമയം, ഭരണകക്ഷിക്കൊപ്പം ഉറച്ചുനിൽക്കുന്ന വിമത കോൺഗ്രസ് അംഗമായ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സി. സോമശേഖരൻ ഇവർക്കൊപ്പം പ്രതിഷേധത്തിന് എഴുന്നേൽക്കാതിരുന്നതും ശ്രദ്ധേയമായി. ബഹളം ശക്തമായതോടെ ചെയർപേഴ്സൻ ഇടപെട്ട് ഇരുകക്ഷികളോടും ഇരിക്കാനും കൗൺസിൽ നടപടികളുമായി സഹകരിക്കാനും ആവശ്യപ്പെട്ടു. ഇതോടെ ഭരണപക്ഷ അംഗങ്ങൾ ഇരുന്നെങ്കിലും കോൺഗ്രസ് കൗൺസിലർമാർ ഇരിക്കാൻ കൂട്ടാക്കിയില്ല. ഇവർ നിൽപ്പ് സമരം തുടർന്നു. കൗൺസിൽ നടപടി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായതോടെ അജണ്ടകൾ പാസാക്കിയതായി അംഗീകരിച്ച് ചെയർപേഴ്സൻ യോഗം പിരിച്ചുവിട്ടു. കള്ളക്കടത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യ ഭരണത്തിലും പദ്ധതികളില്ലാത്ത പദ്ധതി രേഖയിലും നഗരസഭയിലെ പി.എം.എ.വൈ ഭവന നിർമാണ ഗുണഭോക്താക്കളോട് കാണിക്കുന്ന വിശ്വാസവഞ്ചനയിലും പ്രതിഷേധിച്ച് കൗൺസിൽ യോഗം ബി.ജെ.പി അംഗങ്ങളും ബഹിഷ്കരിച്ചു. പ്രതിപക്ഷത്തെ വനിത അംഗങ്ങൾ കറുത്ത സാരിയാണ് ധരിച്ചിരുന്നത്. tcckkm 1 കുന്നംകുളം കൗൺസിൽ യോഗത്തിലുണ്ടായ ഭരണ-പ്രതിപക്ഷ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story