Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:33 AM IST Updated On
date_range 13 Jun 2022 5:33 AM ISTമുഖ്യമന്ത്രിയുടെ പരിപാടി: പൊലീസ് ഒരുക്കിയത് അസാധാരണ സുരക്ഷ
text_fieldsbookmark_border
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജില്ലയിലെ പരിപാടികളോടനുബന്ധിച്ച് പൊലീസ് ഒരുക്കിയത് അസാധാരണ സുരക്ഷ. ഞായറാഴ്ച രാവിലെ തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിലും തുടർന്ന് പുത്തനത്താണിയിലെ ഇ.എം.എസ് സെമിനാറിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രി ജില്ലയിലേക്ക് പ്രവേശിക്കുന്നതുമുതൽ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായെത്തുമെന്ന നിഗമനത്തിൽ പൊലീസ് കനത്ത സുരക്ഷയാണൊരുക്കിയത്. സുരക്ഷക്രമീകരണത്തിന് ആയിരത്തോളം പൊലീസുകാരെയാണ് നിയോഗിച്ചത്. എം.എസ്.പിയിൽനിന്നും മറ്റു ബറ്റാലിയനിൽനിന്നും പൊലീസുകാർ സുരക്ഷയുടെ ഭാഗമായെത്തിയിരുന്നു. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ ഡിവൈ.എസ്.പിമാരുടെ കീഴിലാണ് സുരക്ഷയൊരുക്കിയത്. ആറ് ഡിവൈ.എസ്.പിമാർക്ക് ഓരോ പ്രദേശത്തിന്‍റെയും പ്രത്യേക ചുമതല നൽകി. ഇവരുടെ കീഴിൽ 25 സ്റ്റേഷൻ ഓഫിസർമാരും സുരക്ഷക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പ്രധാന മേഖലകളിലെല്ലാം നാല് പൊലീസുകാർ വീതം നിലയുറപ്പിച്ചിരുന്നു. തവനൂർ ജയിലിന്‍റെ ചുറ്റുവട്ടത്തുമാത്രം നൂറിലധികം പൊലീസുകാരുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സഞ്ചാരപാതയിലും സമീപ പ്രദേശങ്ങളിലുമെല്ലാം പൊലീസിന്‍റെ കനത്ത കാവലുണ്ടായിരുന്നു. സംസ്ഥാന അതിർത്തിയായ ചങ്ങരംകുളത്തും കൂടുതൽ സുരക്ഷയൊരുക്കിയിരുന്നു. പ്രതിഷേധങ്ങളുയരാൻ കൂടുതൽ സാധ്യതയുള്ള മേഖലകളിലെല്ലാം നിയന്ത്രണം ശക്തമാക്കിയിരുന്നു. ദേശീയപാതയിലും സംസ്ഥാനപാതയിലുമെല്ലാം പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ വാഹന ഗതാഗതം ദീർഘനേരം തടസ്സപ്പെട്ടു. കനത്ത സുരക്ഷയിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കെതിരെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധമുയർന്നു. --------------------------------- നിയന്ത്രണം അറിയാതെ ജനം, വഴിമുട്ടിച്ച് സുരക്ഷവലയം... മലപ്പുറം/കുറ്റിപ്പുറം: മുഖ്യമന്ത്രിയുടെ പരിപാടിയോടനുബന്ധിച്ച് പൊലീസ് ഏർപ്പെടുത്തിയ കർശന ഗതാഗതനിയന്ത്രണങ്ങൾ പൊതുജനത്തെ വലച്ചു. മണിക്കൂറുകളോളം ദേശീയപാതയിലും സംസ്ഥാനപാതയിലും ഗതാഗതം തടസ്സപ്പെട്ടു. ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് മുൻകൂട്ടി അറിയിപ്പ് നൽകാത്തതിനാൽ നിരവധി യാത്രക്കാരാണ് വഴിമുട്ടി പ്രതിസന്ധിയിലായത്. കുറ്റിപ്പുറം-പൊന്നാനി ദേശീയപാതയിലും എടപ്പാൾ-കുറ്റിപ്പുറം-ചങ്ങരംകുളം സംസ്ഥാനപാതയിലുമാണ് ഗതാഗതം ഏറെ നേരം സ്തംഭിച്ചത്. കുറ്റിപ്പുറം-പൊന്നാനി ദേശീയപാതയിൽ ബാരിക്കേഡ് സ്ഥാപിച്ചത് കാരണം പൊന്നാനിയിൽനിന്ന് വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരുന്നു. ബാരിക്കേഡ് വെച്ച് അടച്ചത് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. വഴിതിരിച്ചുവിട്ട വാഹനങ്ങൾ മറ്റു റോഡുകളിലൂടെ ഒരുമിച്ചെത്തിയതും ഗതാഗത തടസ്സമുണ്ടാക്കി. ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സംസ്ഥാനപാതയിൽ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോഴും അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് നിയന്ത്രണത്തോടൊപ്പം പ്രതിഷേധങ്ങളും ഗതാഗത തടസ്സത്തിന് ഇടയാക്കി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ പ്രതിഷേധക്കാർ മന്ത്രി വി. അബ്ദുറഹ്മാന്‍റെ വാഹനം തടഞ്ഞതിനു പിന്നാലെയും ഗതാഗത തടസ്സം നേരിട്ടു. മന്ത്രിയുടെ വാഹനം കടത്തിവിടുന്നതിനിടെ മറ്റു വാഹന യാത്രികർ ഗതാഗത തടസ്സത്തിൽ ക്ഷുഭിതരായി പൊലീസുമായി വാക്ക്തർക്കവും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story