Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:36 AM IST Updated On
date_range 28 May 2022 5:36 AM ISTമധു വധം: പുതിയ വകുപ്പുകളെന്ന ആവശ്യത്തിൽനിന്ന് പ്രോസിക്യൂഷൻ പിന്മാറി
text_fieldsbookmark_border
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കണമെന്ന ആവശ്യത്തിൽനിന്ന് പ്രോസിക്യൂഷൻ പിന്മാറി. മറ്റ് സാങ്കേതിക തെളിവുകൾ സംബന്ധിച്ച രണ്ട് പെറ്റിഷനുകളിൽ ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് മേയ് 31ലേക്ക് മാറ്റി. മണ്ണാർക്കാട് സ്പെഷൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 21ന് കേസ് പരിഗണിച്ചപ്പോഴാണ് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ പുതിയ വകുപ്പുകൾ ചേർക്കാനും മറ്റു സാങ്കേതിക തെളിവുകൾ കോടതിയിൽ പ്രദർശിപ്പിക്കാനുമുള്ള അനുവാദത്തിനായി മൂന്ന് പെറ്റീഷൻ കൂടി സമർപ്പിച്ചത്. വനത്തിലേക്ക് അതിക്രമിച്ചുകയറിയ കേസിൽ വനം വകുപ്പിന്റെ കേസ് കൂടാതെ ഐ.പി.സി പ്രകാരമുള്ള വകുപ്പുകൾ ചേർക്കാനും വാസസ്ഥലത്ത് അതിക്രമിച്ചു കയറിയതിനും ക്രിമിനൽ ഗൂഢാലോചനക്കും പുതിയ വകുപ്പുകൾ ചേർക്കാനും ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ പ്രദർശിപ്പിക്കാനും സംഭവസ്ഥലത്തിന്റെ റണ്ണിങ് മാപ് ചിത്രീകരിച്ച് സമർപ്പിക്കാനും വേണ്ടിയുള്ള അപേക്ഷകളാണ് പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നത്. ഇതിൽ പ്രതികൾക്കെതിരെ പുതിയ വകുപ്പുകൾ ചുമത്തുന്നതു സംബന്ധിച്ച് കോടതിക്കു മുന്നിൽ വ്യക്തമായ കാരണങ്ങൾ സമർപ്പിക്കാൻ കഴിയാതിരുന്നതോടെയാണ് ഈ ആവശ്യത്തിൽനിന്ന് പിന്മാറിയത്. മറ്റു രണ്ട് പെറ്റിഷനുകളിൽ വാദം കേട്ട സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ ഈ ആവശ്യത്തിൽ വിധി പറയാൻ കേസ് 31ലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story