Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:41 AM IST Updated On
date_range 27 May 2022 5:41 AM ISTതൃക്കളയൂരിലെ കൊളക്കാടൻ മിനി ചെരിഞ്ഞു
text_fieldsbookmark_border
കീഴുപറമ്പ്: തൃക്കളയൂർ പ്രദേശവാസികൾക്ക് ഏറെ പ്രിയങ്കരമായിരുന്ന മിനി എന്ന പിടിയാന ചെരിഞ്ഞു. വ്യാഴാഴ്ച പുലർച്ച അഞ്ചോടെ തൃക്കളയൂർ പഴംപറമ്പ് ക്ഷേത്രത്തിന് സമീപത്ത് തളച്ചിട്ട സ്ഥലത്തായിരുന്നു അന്ത്യം. അസുഖമൊന്നുമില്ലായിരുന്നു. തൃക്കളയൂർ സ്വദേശി കൊളക്കാടൻ നാസറാണ് 48 വയസ്സുള്ള ആനയുടെ ഉടമ. കഴിഞ്ഞ 30 വർഷമായി നാസറും പാപ്പാൻ തൃക്കളയൂർ സ്വദേശി രാജനുമാണ് പരിപാലിച്ചു വന്നിരുന്നത്. നാസറും മിനിയും തമ്മിലെ ആത്മബന്ധത്തിന്റെ കഥ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. കൊളക്കാടൻ കുടുംബത്തിലെ അംഗത്തെപോലെയായിരുന്നു മിനിയെ നാസർ വളർത്തിയിരുന്നത്. ഭക്ഷണം നൽകിയ ശേഷമാണ് ബുധനാഴ്ച മിനിയുടെ അടുത്തുനിന്ന് മടങ്ങിയതെന്നും ഇങ്ങനെയൊരു വിയോഗം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും നാസർ വിതുമ്പിപ്പറഞ്ഞു. ആനയുടെ വിയോഗത്തിൽ കൊളക്കാടൻ കുടുംബാംഗങ്ങളും തൃക്കളയൂർ പ്രദേശവാസികളുമെല്ലാം ഏറെ സങ്കടത്തിലാണ്. പഴംപറമ്പ് ക്ഷേത്രപരിസരത്ത് പൊതുദർശനത്തിന് വെച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് അവസാനമായി കാണാനെത്തിയത്. പലരും വിങ്ങിപ്പൊട്ടി. ജഡം നിലമ്പൂരിൽനിന്നെത്തിയ സോഷ്യൽ ഫോറസ്റ്റ് റേഞ്ചർ എ.കെ. രാജീവന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. ഉച്ചക്കുശേഷം വനം വകുപ്പ് വെറ്ററിനറി സർജൻ അരുൺ സത്യന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ശ്വാസകോശസംബന്ധ അസുഖവും ഹൃദയാഘാതവും മൂലമാണ് ആന ചെരിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. നാസറിന്റെ വീടിനടുത്തെ പറമ്പിൽ സംസ്കരിച്ചു. കൊമ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾ വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇത് ട്രഷറിയിലേക്ക് മാറ്റുമെന്ന് ഫോറസ്റ്റ് റേഞ്ചർ എ.കെ. രാജീവൻ പറഞ്ഞു. പഴംപറമ്പ് ക്ഷേത്രപരിസരത്ത് ചെരിഞ്ഞ മിനി എന്ന പിടിയാന ഫോട്ടോ:ME ARKD MINI ELEPHANT NEWS
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
