Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:36 AM IST Updated On
date_range 26 May 2022 5:36 AM ISTജാനകിച്ചേച്ചി: യാത്രയായത് അതിരപ്പിള്ളിയുടെ സ്വന്തം പോരാളി
text_fieldsbookmark_border
അതിരപ്പിള്ളി: അതിരപ്പിള്ളി പരിസ്ഥിതി സമരനായിക ജാനകിച്ചേച്ചി ജീവിതത്തിൽനിന്ന് വിടവാങ്ങിയതോടെ അതിരപ്പിള്ളിക്കാർക്ക് നഷ്ടമായത് സ്വന്തം പോരാളിയെ. 2005ലും 2008ലും അതിരപ്പിള്ളി പദ്ധതിക്കെതിരെ നടന്ന ചെറുത്തുനിൽപുകളിൽ കരുത്തുറ്റ സ്ത്രീസാന്നിധ്യമായിരുന്നു കണ്ണംകുഴിയിലെ ജാനകി. പരിസ്ഥിതിവാദികളും പ്രകൃതിസ്നേഹികളും തുടക്കംകുറിച്ച ഈ സമരത്തെ ശക്തമായ ജനകീയവും പ്രാദേശികവുമായ വികാരമാക്കി മാറിയത് ഇവരുടെ വരവോടെയായിരുന്നു. ഇതോടെ ബുദ്ധിജീവികളുടെ സമരത്തിൽനിന്ന് ജനകീയപ്രക്ഷോഭമായി മാറി. അതിരപ്പിള്ളിയിലെ വീട്ടമ്മമാരും കുട്ടികളും അടങ്ങുന്ന പ്രദേശവാസികൾ സമരത്തിലേക്ക് ആവേശത്തോടെ മുന്നോട്ടുവന്നു. അതിരപ്പിള്ളി സമരത്തിലെ ഏറ്റവും കരുത്തുള്ള രണ്ട് സ്ത്രീ ശബ്ദങ്ങളായിരുന്നു ജാനകച്ചേച്ചിയും അമ്മിണിച്ചേച്ചിയും. അമ്മിണിച്ചേച്ചി നേരത്തേ ജീവിതത്തിൽനിന്ന് വിട വാങ്ങിയിരുന്നു. ഓർമിക്കാൻ ഒരുപാട് സമരസ്മരണകളാണ് ഇവർ നൽകിയത്. 2005ൽ ഏതാനും മാസങ്ങളാണ് സമരം നടന്നത്. അതിന്‍റെ നേതൃനിരയിൽ ജാനകിച്ചേച്ചി ധീരമായി നിലകൊണ്ടു. അനുകൂലമായ ഹൈകോടതി വിധി വന്നതോടെ സമരം അവസാനിച്ചു. 2008ൽ ഒരുവർഷം തുടർച്ചയായി സമരം നടന്നു. അപ്പോഴേക്കും സംസ്ഥാനം മുഴുവൻ ജാനകിച്ചേച്ചിയുടെ വാക്കുകൾക്ക് ചെവികൊടുക്കുംവിധം സാന്നിധ്യമായി. അന്നത്തെ മലിനീകരണ നിയന്ത്രണ ബോർഡ് മെംബർ സെക്രട്ടറിയോട് പദ്ധതിയുടെ ദോഷങ്ങൾ എണ്ണിപ്പറഞ്ഞ് സംവദിച്ചത് ജാനകിച്ചേച്ചിയെ കൂടുതൽ ശ്രദ്ധേയയാക്കി. വിവിധ രാഷ്ട്രീയ നേതാക്കൾക്ക് മുന്നിലും അതിരപ്പിള്ളിക്കാരുടെ ഉറച്ചശബ്ദമായി. അതിരപ്പിള്ളിയിൽ മാത്രമല്ല, പുറത്തും അതിരപ്പിള്ളിക്കും ചാലക്കുടിപ്പുഴയുടെ സംരക്ഷണത്തിനും വേണ്ടിയുള്ള ജാഥകളിലും സമരങ്ങളിലും ജാനകിച്ചേച്ചി ആവേശപൂർവം മുദ്രാവാക്യം വിളിച്ച് മുന്നിൽ നിന്നു. ചാനൽ ചർച്ചകളിലെ കാമറകൾക്ക് മുന്നിൽ ഈ നാടൻസ്ത്രീയുടെ ആവേശം വാചാലമായി. പദ്ധതിക്കെതിരെയുള്ള സമരം വിജയക്കൊടി നാട്ടിയത് കണ്ടാണ് ജീവിതത്തിൽനിന്ന് വിടവാങ്ങുന്നത്. വാർധക്യസഹജമായ അസുഖങ്ങൾ അലട്ടിയതോടെ ചെമ്പൂച്ചിറയിൽ മകന്റെ വീട്ടിലായിരുന്നു താമസം. ബുധനാഴ്ച പുലർച്ചയായിരുന്നു അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story