സിയ പവലും സഹദും പൊന്നോമനക്ക് പേരിട്ടു; സാബിയ സഹദ്
text_fieldsകോഴിക്കോട്: ഇന്ത്യയിലെ ആദ്യമായി ട്രാൻസ് പങ്കാളികൾക്ക് പിറന്ന കുഞ്ഞിന് പേരായി. ട്രാൻസ് പങ്കാളികളായ സിയ പവലും സഹദുമാണ് കുഞ്ഞിന് സാബിയ സഹദ് എന്ന് പേര് വിളിച്ചത്. വനിത ദിനത്തിൽ തൊണ്ടയാട് എ.ജി.പി ഗാർഡൻ ഹെറിറ്റേജ് ഹാളിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കാളികളായി.
ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞ സിയയും സഹദും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. മലപ്പുറത്ത് നിന്നുള്ള സിയ പ്ലസ് വണിന് പഠിക്കുമ്പോൾ ഉമ്മ മരിച്ചു. പിതാവ് മറ്റൊരു വിവാഹം കഴിച്ചു.
പിന്നീട് പഠനം മുടങ്ങിയതോടെ ഇവർ മൂത്തസഹോദരിയുടെ വീട്ടിലായി താമസം. ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞതോടെ വീടുവിട്ട് കോഴിക്കോട്ടെ ട്രാൻസ് കമ്യൂണിറ്റി ഷെൽട്ടർ ഹോമിൽ അഭയംതേടുകയും ദീപറാണിയെന്ന ട്രാൻസ് വ്യക്തിയുടെ മകളാവുകയും ചെയ്തു.
നിലവിൽ നൃത്താധ്യാപികയാണ്. ട്രാൻസ് കമ്യൂണിറ്റിയുടെ പരിപാടിയിലാണ് ആദ്യമായി സഹദിനെ കാണുന്നത്. തിരുവനന്തപുരം സ്വദേശിയായ സഹദിന്റേത് മത്സ്യത്തൊഴിലാളി കുടുംബമാണ്. വീട് സൂനാമിയിൽ നഷ്ടമായതാണ്. ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞതിന് പിന്നാലെ കോഴിക്കോട്ടെത്തുകയായിരുന്നു. പിന്നീട് അഷിതയെന്ന ട്രാൻസ് വ്യക്തിയുടെ മകനായി. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്.
ഇരുവരും തമ്മിലുള്ള പരിചയം പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കുമെത്തിയതോടെയാണ് കോഴിക്കോട് ഉമ്മളത്തൂരിൽ താമസം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.