സൈനബ കൊലക്കേസ്: അന്വേഷണ സംഘത്തിന് ബാഡ്ജ് ഓഫ് ഓണർ
text_fieldsഎസ്.ബി. കൈലാസനാഥ്, പി. സജേഷ് കുമാർ, പി.കെ. ഷിജി, പി.എം. രതീഷ്
കോഴിക്കോട്: പ്രമാദമായ സൈനബ കൊലക്കേസിലെ പ്രതികളെ മുഴുവൻ കണ്ടെത്തി അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ച അന്വേഷണ സംഘത്തെ സംസ്ഥാന പൊലീസ് മേധാവി ബാഡ്ജ് ഓഫ് ഹോണർ നൽകി ആദരിച്ചു. 2023ലെ ബാഡ്ജ് ഓഫ് ഹോണറാണ് ഇവർക്ക് ലഭിക്കുന്നത്. അന്നത്തെ കസബ ഇൻസ്പെക്ടർ എസ്.ബി. കൈലാസനാഥ്, സ്റ്റേഷനിലെ എ.എസ്.ഐമാരായ പി. സജേഷ് കുമാർ, പി.കെ. ഷിജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എം. രതീഷ് എന്നിവർക്കാണ് ബഹുമതി ലഭിച്ചത്. വെള്ളിപറമ്പ് സ്വദേശിനി സൈനബയെ (57) കോഴിക്കോട് സ്റ്റാൻഡ് പരിസരത്ത് കാണാതാവുകയും ഭർത്താവിന്റെ പരാതിയിൽ കസബ പൊലീസ് അന്വേഷണം നടത്തുകയുമായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളും ഫോൺകോളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ സൈനബയെ കാറിൽ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി. പ്രതി ഗൂഡല്ലൂർ സ്വദേശിയായ മുഹമ്മദ് സമദിനെ ഒളിവിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെ താനൂരിലെ വാടകവീട്ടിൽനിന്ന് പിടികൂടിയതിൽ കൊലപാതകത്തിന്റെ ചുരുൾ അഴിയുകയായിരുന്നു. അന്വേഷണസംഘം നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിന് ഒടുവിൽ സൈനബയെ കൈയിലുണ്ടായിരുന്ന സ്വർണവും പണവും കൈവശപ്പെടുത്തുന്നതിനായി കാറിൽ വെച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി 17 പവൻ സ്വർണാഭരണങ്ങളും
3.75 ലക്ഷം രൂപയും കൈവശപ്പെടുത്തിയ ശേഷം രണ്ടാം പ്രതിയായ ഗൂഡല്ലൂർ സ്വദേശി സൈനുൽ ആബിദ് എന്ന സുലൈമാനും ചേർന്ന് മൃതദേഹം ഗൂഡല്ലൂർ നാടുകാണി ചുരത്തിൽ കൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നു. ഒന്നും രണ്ടു പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് പ്രതികളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണാഭരണങ്ങൾ വിൽപന നടത്തുന്നതിനും മറ്റും സഹായിച്ച മൂന്ന് മുതൽ അഞ്ചുവരെയുള്ള പ്രതികളായ ഗുഡല്ലൂർ സ്വദേശി ശരത്ത്, വയനാട് ചുണ്ടയിൽ സ്വദേശി മുനിയൻ എന്ന നിയാസ്, ഗൂഡല്ലൂർ സ്വദേശി നജുമുദീൻ എന്ന പിലാപ്പി എന്നിവരെ ഒളിവിൽ കഴിയുന്ന വിവിധ സ്ഥലങ്ങളിൽ വെച്ച് അറസ്റ്റുചെയ്ത് മികച്ച അന്വേഷണ മികവ് കാട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

