എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsനിസാമുദ്ദീൻ
കോഴിക്കോട്: ഭക്ഷണ വിതരണ കമ്പനിയുടെ ഡെലിവെറി സ്റ്റാഫായി ജോലിചെയ്ത് അതിന്റെ മറവിൽ നഗരത്തിൽ എം.ഡി.എം.എ വിതരണം ചെയ്തുവന്നയാൾ പിടിയിൽ. വെസ്റ്റ്ഹിൽ അത്താണി സ്വദേശിയായ പെരുമാൾകണ്ടി വീട്ടിൽ നിസാമുദ്ദീനെയാണ് (24) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചക്കോരത്തുകുളം ഈസ്റ്റ്ഹിൽ കെ.വി റോഡിലുള്ള വീട്ടിൽ വാടകക്ക് താമസിക്കുന്ന പ്രതി മയക്കുമരുന്ന് വിൽപനക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിൽ നടക്കാവ് പോലീസ് വീട് പരിശോധിക്കുകയായിരുന്നു. ബെഡ്റൂമിലെ കട്ടിലിലെ ബാഗിൽ നിന്ന് 800 മി.ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ബംഗളൂരുവിൽനിന്ന് നേരിട്ടും ലഹരി മാഫിയ സംഘങ്ങളിൽനിന്നും മയക്കുമരുന്ന് വാങ്ങി മെഡിക്കൽ കോളജ്, മാളിക്കടവ് ഐ.ടി.ഐ, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇയാൾ വിൽപന നടത്തിയെന്ന് പൊലീസ് പറഞ്ഞു.
അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരുകയായിരുന്നു. ആർക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്ന് പരിശോധിക്കാൻ അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. നടക്കാവ് പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ ലീല, ധനേഷ്, എസ്.സി.പി.ഒമാരായ റിജേഷ് പുതിയങ്ങാട്, ഷിഹാബുദ്ദീൻ, സി.പി.ഒ റഷീദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

