രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsമുഹമ്മദ് ജസീം
കോഴിക്കോട്: രണ്ടര കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സൗത്ത് വെളിമുക്ക് സ്വദേശി ചാത്തോത്ത് സി.പി. മുഹമ്മദ് ജസീം (24) ആണ് പിടിയിലായത്. ഡൻസാഫ് സ്ക്വാഡും ഫറോക്ക് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തി കേന്ദ്രീകരിച്ച് വൻകിട കച്ചവടക്കാരിൽനിന്ന് ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ കണ്ണിയാണിയാളെന്ന് ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്ത് പറഞ്ഞു.
നാർക്കോടിക്ക് സെൽ അസി. കെ.എ. ബോസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാമനാട്ടുകര മേൽപാലത്തിനടിയിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്. ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, കെ. അഖിലേഷ്, സുനോജ് കാരയിൽ, പി.കെ. സരുൺ കുമാർ, ഷിനോജ് മംഗലശ്ശേരി, പി. അഭിജിത്ത്, ഫറോക്ക് സ്റ്റേഷനിലെ എസ്.ഐ എസ്. അനൂപ്, ടി.പി. അനീഷ്, എം. പ്രജിത്ത്, ടി. ജിബിൻ, കെ.പി. യശ്വന്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

