സർക്കാർ ക്വാർട്ടേഴ്സിന് വർഷങ്ങളുടെ കാത്തിരിപ്പ്; താമസയോഗ്യമല്ലാത്തവ കൂടുന്നു
text_fieldsകാടുമൂടി താമസയോഗ്യമല്ലാതായതും പൊളിഞ്ഞുവീഴാറായതുമായ കെട്ടിടങ്ങൾ
കോഴിക്കോട്: ജില്ലയിൽ സർക്കാർ ക്വാർട്ടേഴ്സുകൾ ലഭിക്കണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കണം. ഉള്ള ക്വാർട്ടേഴ്സുകളാകട്ടെ സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നുമില്ല.
ഇക്കാരണത്താൽ താമസയോഗ്യമല്ലാതാകുന്നവയുടെ എണ്ണം വർധിക്കുകയാണ്. 16.5 ഏക്കറോളമുള്ള എൻ.ജി.ഒ ക്വാർട്ടേഴ്സിലെ 483 ക്വാർട്ടേഴ്സുകളിൽ 93 എണ്ണവും താമസിക്കാൻ പറ്റാത്തവയാണ്. കാടുമുടിയും പൊട്ടിപ്പൊളിഞ്ഞും ഇവ മൂലം സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടമാണ്. 207 ക്വാർട്ടേഴ്സും 276 ഫ്ലാറ്റുമാണ് ആകെയുള്ളത്.
225 കെട്ടിടങ്ങളിൽ മാത്രമാണ് ഇപ്പോൾ താമസക്കാരുള്ളത്. താമസയോഗ്യമായ 48 എണ്ണം ആളൊഴിഞ്ഞതിനാൽ റവന്യൂ വിഭാഗത്തിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ദീർഘവീക്ഷണമില്ലാത്ത ഉദ്യോഗസ്ഥരുടെ കഴിവുകേടാണ് ജീവനക്കാർക്കുള്ള ക്വാട്ടേഴ്സുകൾ നശിക്കാൻ കാരണം.
ക്വാർട്ടേഴ്സുകൾ ഒറ്റകുടുംബത്തിന് താമസിക്കാവുന്നവയും ഫ്ലാറ്റുകൾ അഞ്ചും ആറും കുടുംബങ്ങൾക്ക് താമസിക്കാവുന്ന വിധത്തിലുമാണ് പണിതത്. 117 എണ്ണത്തിന് കാലപ്പഴക്കംമൂലം അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്ന് അറിയിച്ച് പി.ഡബ്ല്യു.ഡി വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. വർഷാവർഷം അറ്റകുറ്റപ്പണികൾക്കുമാത്രം അഞ്ചുലക്ഷത്തോളം രൂപ ചെലവഴിക്കാറുണ്ടെന്ന് അധികൃതർ പറയുന്നു.
ചെലവഴിക്കുന്ന തുകക്കനുസരിച്ച് ഇവ ഉപയോഗപ്രദമാകുന്നുമില്ല. ചെറിയ അറ്റകുറ്റപ്പണിപോലും യഥാസമയം ചെയ്യാത്തതിനാൽ ഓരോ മാസവും ഉപയോഗശൂന്യമാകുന്നവയുടെ എണ്ണവും വർധിക്കുകയാണ്.
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ പത്തുശതമാനം എച്ച്.ആർ.എ വാങ്ങിയാണ് കെട്ടിടം താമസത്തിന് നൽകുന്നത്.
സീനിയോറിറ്റി പ്രകാരം മാത്രം ലഭിക്കുന്നതിനാൽ അഞ്ചു ആറും വർഷമായി അപേക്ഷകർ കാത്തുകിടക്കുമ്പോഴാണ് ഉള്ളവ പൊളിഞ്ഞുവീണ് നശിക്കുന്നത്.
ചെറിയ തുക ചെലവഴിച്ചാൽ താമസയോഗ്യമാക്കാവുന്നതാണ് ഇവയിൽ പലതുമെന്ന് ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നവർ പറയുന്നു. അറ്റകുറ്റപ്പണികളുടെ സാങ്കേതികതപറഞ്ഞ് കെട്ടിടങ്ങൾ മനഃപൂർവം നശിപ്പിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.
ഒഴിഞ്ഞ കെട്ടിടങ്ങളിലെ താമസക്കാർ അനാശാസ്യക്കാരും ഇഴജന്തുക്കളും
പല ക്വാട്ടേഴ്സുകളും പുറത്തുകാണാത്തവിധം കാടുമൂടി കിടക്കയാണ്. ഇഴജന്തുക്കളുടെ ശല്യമാണ് ഇവിടെ. ചെറിയ കുട്ടികളെ പുറത്തുവിടാൻ ഭയമാണെന്ന് തൊട്ടടുത്ത് താമസിക്കുന്നവർ പറയുന്നു. രാവെന്നോ പകലെന്നോ നിയന്ത്രണമില്ലാതെ അപരിചിതർ ആൾപ്പെരുമാറ്റമില്ലാത്ത കെട്ടിടങ്ങളിലെത്തുന്നതായും ആക്ഷേപമുണ്ട്. ലഹരിക്കും അനാശാസ്യത്തിനും ഇവ ഉപയോഗിക്കുന്നു. വർഷത്തിലൊരിക്കൽ കാടുവെട്ടുന്നതും ഇപ്പോൾ നിലച്ചമട്ടാണ്.
എച്ച്.ആർ.എ കനത്തത്; സൗകര്യം ശുഷ്കം
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ലഭിക്കുന്ന ക്വാർട്ടേഴ്സുകളിൽ സൗകര്യക്കുറവ് ഏറെയാണ്. ഉദ്യോഗസ്ഥരുടെ തസ്തിക അനുസരിച്ച് എ,ബി,സി,ഡി കാറ്റഗറികളിലാണ് ക്വാർട്ടേഴ്സുകളും ഫ്ലാറ്റുകളും അനുവദിക്കുന്നത്. റവന്യൂ വിഭാഗമാണ് മുൻഗണന അനുസരിച്ച് ഇവ നൽകുന്നത്.
പുതിയ ക്വാർട്ടേഴ്സുകൾക്ക് മാസ്റ്റർ പ്ലാൻ പൊതുമരാമത്ത് വിഭാഗം നൽകിയിട്ടുണ്ടെങ്കിലും കടലാസിൽ തന്നെയാണ്. ഫണ്ടില്ലാത്തതാണ് അറ്റകുറ്റപ്പണികൾ വൈകുന്നതെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

