ബീച്ച് ആശുപത്രിയിൽ എക്സ്റേ യൂനിറ്റ് പണിമുടക്കി
text_fieldsകോഴിക്കോട്: ജില്ല ജനറൽ (ബീച്ച്) ആശുപത്രിയിൽ എക്സ്റേ യൂനിറ്റ് പ്രവർത്തനം നിലച്ചിട്ട് ഒരാഴ്ച. എക്സ്റേയുടെ ബോർഡ് കത്തിയതാണ് പണിമുടക്കാൻ കാരണം. മെയിന്റനൻസിന്റെ ചുമതലയുള്ള സൈറിക്സിനെ വിവരമറിയിച്ചിട്ടും അറ്റകുറ്റപ്പണിക്ക് സാങ്കേതിക വിദഗ്ധർ ഇതുവരെ എത്തിയിട്ടില്ല.
ദിനംപ്രതി 300 ഓളം രോഗികളാണ് യൂനിറ്റിൽനിന്ന് എക്സ്റേ പരിശോധന നടത്തുന്നത്. സർക്കാർ ആശുപത്രിയിലെ ഈ യൂനിറ്റ് പ്രവർത്തനം നിലച്ചതോടെ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സ്വകാര്യ ലാബുകളിൽ 250 മുതലാണ് എക്സ്റേക്ക് ഫീസ് ഈടാക്കുന്നത്. 10 വർഷത്തിലധികം പഴക്കമുള്ള എക്സ്റേ യൂനിറ്റാണ് നിലവിൽ പ്രവർത്തനരഹിതമായിത്.
പൊടിപിടിച്ച് മാസ്റ്റർ പ്ലാൻ
മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതിയുടെ കരടിന് അംഗീകാരം ലഭിച്ചിട്ടില്ല. ബീച്ച് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബിയില്‍നിന്ന് 96.8 കോടി രൂപ അനുവദിച്ചിരുന്നു. സര്‍ജിക്കല്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, അമിനെറ്റി ബ്ലോക്ക് എന്നീ മേഖലകളായാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എട്ടുനിലകളിലായാണ് സര്‍ജിക്കൽ ബ്ലോക്ക് രൂപകൽപന ചെയ്തത്.
ആശ്രയം സ്വകാര്യ ലാബുകൾ
ദിനംപ്രതി 2500 ഓളം രോഗികൾ ചികിത്സതേടുന്ന ആശുപത്രിയിൽ എക്സ്റേ യൂനിറ്റ് പ്രവർത്തനം നിലച്ചിട്ടും പരിഹരിക്കാൻ നടപടിയായിട്ടില്ല. ജില്ലയിൽ തീരദേശമടക്കം സാധാരണക്കാരുടെ പ്രധാന ആശ്രയമായ ബീച്ച് ആശുപത്രിയിൽ മതിയായ സൗകര്യങ്ങളില്ലെന്ന ആരോപണം ശക്തമാണ്. കോടികൾ ചെലവിട്ട് ബീച്ച് ആശുപത്രിയെ ഹൈടെക് ആക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് രോഗികൾ അത്യാവശ്യ പരിശോധനകൾക്കുപോലും പുറത്തുപോകേണ്ടി വരുന്നത്. ഇതുകാരണം അപകടത്തിൽപെട്ട് എത്തുവരടക്കം ഏറെ ദുരിതമനുഭവിക്കുകയാണ്.
നേരത്തേ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് കൗണ്ടറിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നതും ക്യൂ റോഡിലേക്ക് നീണ്ടതും പ്രതിഷേധത്തിനിടാക്കിയിരുന്നു. ഒ.പി.ഡി ട്രാൻസ്മിഷൻ ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷമായിട്ടും ടിക്കറ്റ് കൗണ്ടർ മാറ്റാതെ ആശുപത്രിയിലെ പൊതു ചടങ്ങുകൾ നടത്തുന്നതിനുള്ള ഹാളാക്കിമാറ്റിയത് ഏറെ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റി ഇടപെട്ടതിന് ശേഷമാണ് പുതിയ രണ്ടു കൗണ്ടറുകൾകൂടി തുറക്കാൻ ആശുപത്രി അധികൃതർ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

