മകന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക; വീട്ടമ്മക്ക് നഷ്ടമായത് സ്വന്തം ജീവൻ
text_fieldsഎലത്തൂർ: മകന്റെ ഭാവിയിൽ സങ്കടപ്പെട്ട വീട്ടമ്മ കൈവിട്ടത് സ്വന്തം ജീവൻ. പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മകൻ പ്രതി ചേർക്കപ്പെട്ടതിൽ മനം നൊന്താണ് പുറക്കാട്ടിരി കളപ്പുരക്കണ്ടി ജലജ (52) ജീവനൊടുക്കിയത്. കേസിൽ നേരത്തേ പിടിയിലായ അബ്ദുൽ നാസറിന്റെ (52) കൂട്ടാളിയെന്ന് കണ്ടെത്തിയാണ് സുബിനെയും കൊളത്തൂർ സ്വദേശിയായ സിറാജിനെയും (38) കഴിഞ്ഞ ദിവസം എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ പീഡിപ്പിച്ചതിന് സുബിനെതിരെ പോക്സോ ചുമത്തി കേസെടുത്തതിനാൽ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് ജലജയുമായി സംസാരിച്ചിരുന്നു. ഭർത്താവുമൊരുമിച്ച് സ്റ്റേഷനിൽനിന്ന് ഇറങ്ങിയതോടെ ജലജ ഏറെ ദുഃഖിതയായിരുന്നു. മകന്റെ കൂട്ടുകെട്ടിനെക്കുറിച്ചും ഭാവിയെ കുറിച്ചും ഏറെ ആശങ്കയിലായിരുന്നു തയ്യൽകാരിയായ ജലജ.
ടി.സി വാങ്ങാൻ നടക്കാവ് സ്കൂളിലേക്കിറങ്ങിയ പെൺകുട്ടിയെ സുബിനും സിറാജുമാണ് കാറിൽ കടത്തിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ അബ്ദുൽ നാസറിനെ ഏൽപിച്ച് ഇരുവരും തിരിച്ചുവരുകയായിരുന്നുവത്രെ. പെൺകുട്ടിയുമായി കർണാടകത്തിലേക്ക് കടന്ന അബ്ദുൽ നാസറിനെ ചന്നപട്ടണത്തുവെച്ച് എലത്തൂർ പൊലീസ് പിടികൂടുകയായിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്നുപേർ ഇനിയും പിടിയിലാകാനുണ്ട്.

