യുവതി പൊള്ളലേറ്റു മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
text_fieldsലിനീഷ്
കോഴിക്കോട്: യുവതിയെ വീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുതിയാപ്പ ചെട്ടിപറമ്പത്ത് താഴത്ത് ശങ്കരനിലയത്തിൽ ശരണ്യ (29) മരിച്ച കേസിലാണ് ഭർത്താവ് ലിനീഷിനെ ടൗൺ അസി. കമീഷണർ പി. ബിജുരാജ് അറസ്റ്റ് ചെയ്തത്.
നവംബർ 13നാണ് ശരണ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. അതിനിടെ ലിനീഷാണ് മരണത്തിന് ഉത്തരവാദിയെന്ന് കാട്ടി യുവതിയുടെ കുടുംബവും പരാതി നൽകി. ശരണ്യ മരിച്ച് ഒമ്പതു ദിവസത്തിനുശേഷം അതേ വീട്ടില്‍ താമസിച്ചിരുന്ന ബന്ധു ജാനകിയെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ശരണ്യയുടെ മരണത്തിലെ ദൃക്സാക്ഷിയാണ് മരിച്ച ജാനകിയെന്നാണ് ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് െചയ്തു.

