അമ്മത്തൊട്ടിൽ ഒരു മാസത്തിനകം
text_fieldsനിർമാണം പുരോഗമിക്കുന്ന ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിൽ
കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ നിർമാണം പുരോഗമിക്കുന്ന ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ ഒരു മാസത്തിനകം യാഥാർഥ്യമാവും. കുഞ്ഞ് എത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അറിയിപ്പ് കൊടുക്കുന്നതിനും ഓട്ടോമാറ്റിക് സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിനുമുള്ള സെൻസറും പ്രോഗ്രാം ലോജിക്കൽ കൺട്രോളർ ചിപ്പുമാണ് ഇനി ഘടിപ്പിക്കാനുള്ളത്.
സോഫ്റ്റ്വെയർ അപ്ഡേഷനും പൂർത്തീകരിക്കാനുണ്ട്. വിദേശത്തുനിന്ന് വാങ്ങുന്ന സെൻസർ രണ്ടു ദിവസത്തിനകം എത്തുമെന്നും 10 ദിവസത്തിനകം നിർമാണം പൂർത്തീകരിച്ച് ശിശുക്ഷേമ വകുപ്പിന് കൈമാറുമെന്നും കരാറുകാരായ എഫ്.ഐ.ടി അധികൃതർ അറിയിച്ചു. ഇലക്ട്രോണിക് തൊട്ടിൽ, എ.സി അടക്കമുള്ളവ സജ്ജീകരിച്ചുകഴിഞ്ഞു.
പൂർണമായും ഓട്ടോമാറ്റിക്
പൂർണമായും ഓട്ടോമാറ്റിക് ആയാണ് തൊട്ടിൽ പ്രവർത്തിക്കുക. കുഞ്ഞുമായി അമ്മ എത്തുന്നതോടെ തൊട്ടിലിന്റെ വാതിൽ തുറക്കും. കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അമ്മ പുറത്തുകടന്നാലുടൻ വാതിലടയും. എ.സി ഓണാകും. തൊട്ടിൽ ആടും. അധികൃതർക്ക് സന്ദേശം കൈമാറും. വാതിൽ അടഞ്ഞുകഴിഞ്ഞാൽ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്കല്ലാതെ തൊട്ടിൽ തുറക്കാൻ കഴിയില്ല.
വനിത ശിശു ക്ഷേമ സമിതി ഓഫിസറടക്കം 11 പേർക്കാണ് അറിയിപ്പ് നൽകുക. ഇതിൽ ആറുപേർ രഹസ്യ കോഡ് കൈമാറിയാൽ മാത്രമേ തൊട്ടിൽ തുറന്ന് കുഞ്ഞിനെ എടുക്കാൻ കഴിയൂ. ഈ രീതിയിലാണ് തൊട്ടിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് കരാറുകാരായ എഫ്.ഐ.ടി അധികൃതർ അറിയിച്ചു.
നാലു വർഷം നീണ്ട കാത്തിരിപ്പ്
നാലുവർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് പദ്ധതി യാഥാർഥ്യമാവുന്നത്. മുൻ എം.എൽ.എ പ്രദീപ്കുമാറിന്റെയും നിലവിലെ എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന്റെയും ഫണ്ടിൽനിന്ന് അനുവദിച്ച 33 ലക്ഷം രൂപ ചെലവഴിച്ചാണ് ഇലക്ട്രോണിക് തൊട്ടിൽ സജ്ജീകരിച്ചത്. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾ പലവിധ കാരണങ്ങളാൽ തെരുവിലും പാതയോരങ്ങളിലും വലിച്ചെറിയപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡാണ് (കെ.എസ്.ഐ.ഇ) പദ്ധതിയുടെ പ്രവൃത്തി ആദ്യം ഏറ്റെടുത്തത്. കമ്പനി പിന്മാറിയതോടെ ഒരു വർഷത്തോളം പ്രവൃത്തി മുടങ്ങി. പിന്നീട് പി.ഡബ്ല്യു.ഡിക്ക് കൈമാറി പ്രവൃത്തി പൂർത്തീകരിച്ചു. ഇലക്ട്രിക് തൊട്ടിൽ പിടിപ്പിക്കുന്ന പ്രവൃത്തി പി.ഡബ്ല്യു.ഡി ഇലക്ട്രിക് വിഭാഗത്തിന് പൂർത്തീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് എഫ്.ഐ.ടിക്ക് കരാർ നൽകിയത്.
ബീച്ചാശുപത്രിയുടെ തെക്ക് ഭാഗത്തെ റോഡിൽനിന്ന് പ്രവേശിക്കാവുന്ന വിധത്തിലാണ് അമ്മത്തൊട്ടിൽ നിർമിച്ചത്. ജില്ല വനിത-ശിശു വികസന വകുപ്പിനായിരിക്കും ചുമതല. തിരുവനന്തപുരത്ത് 2002 നവംബർ 14ന് സംസ്ഥാനത്ത് ആദ്യമായി അമ്മത്തൊട്ടിൽ സംവിധാനം തുടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.