കടലിന്റെ മക്കളോട് ഇത്തിരി കരുണ കാണിക്കുമോ?
text_fieldsവെള്ളയിൽ ഫിഷിങ് ഹാർബറിൽ തെരഞ്ഞെടുപ്പ് ചർച്ചയിലേർപ്പെട്ട മത്സ്യത്തൊഴിലാളികൾ
കോഴിക്കോട്: കുടിക്കാനൊരുതുള്ളി വെള്ളമില്ല, ശുചിമുറിയില്ല, വെളിച്ചമില്ല, വിശ്രമിക്കാനൊരിടമില്ല... തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലും ഭരണം മാറിയാലും തങ്ങളുടെ പ്രശ്നങ്ങൾ പരിഹാരം കാണാൻ ആരും തയാറാവാത്തതാണ് വെള്ളയിൽ ഹാർബറിലെ തൊഴിലളികളുടെ തെരഞ്ഞെടുപ്പ് ചർച്ച.
രോഗം സമ്മാനിക്കുന്ന ഹാർബർ
ഹാർബറിൽ വെള്ളത്തിൽ മാലിന്യം കലർന്ന് തങ്ങളുടെ കൂട്ടത്തിൽ നിരവധി പേർ രോഗം പിടിപെട്ട് അവധിയിലാണെന്നും തങ്ങളിനി ആരോടാണ് പരാതിപ്പെടേണ്ടതെന്നും ചോദിക്കുന്നു തൊഴിലളികൾ. ഇവിടെ മാലിന്യം നീക്കം കൃത്യമായി നടക്കുന്നില്ല.
മലിനജലത്തിലിറങ്ങി ജോലിചെയ്യുന്നത് മൂലം 20 ഓളം ചുമട്ടുതൊഴിലാളികൾ അസുഖം ബാധിച്ച് അവധിയിലാണ്. ഹാർബറിൽനിന്ന് കൃത്യമായി മണൽ നീക്കാത്തതിനാൽ ഇൻബോർഡ് വള്ളങ്ങൾ മണത്തട്ടിൽ കുടുങ്ങി കരക്കടുപ്പിക്കാനും കഴിയുന്നില്ല. ഹാർബറിൽ നിന്നെടുക്കുന്ന മണൽ ഒരു ഭാഗത്തു തന്നെ കൂട്ടിയിട്ടിരിക്കുന്നതിനാൽ മഴ പെയ്യുമ്പോൾ അവ വീണ്ടും ഹാർബറിലേക്ക് തന്നെ ഒലിച്ചിറങ്ങുകയാണ്. മത്സ്യബന്ധന തൊഴിലാളികളെയും പോർട്ടർമാരെയും ഇത് ഒരുപോലെ കുഴക്കുകയാണ്.
ഞങ്ങളും മനുഷ്യരല്ലേ?
അതിരാവിലെ വീട്ടിൽ നിന്നിറങ്ങുന്ന തൊഴിലാളികളാണ് ഹാർബറിൽ ഭൂരിഭാഗവും. ഇവർക്ക് പ്രാഥമിക കർമങ്ങൾക്കുണ്ടായിരുന്ന ശുചിമുറി പൂട്ടിയിട്ട് കാലങ്ങളായി. തങ്ങളും മനുഷ്യരല്ലേയെന്നും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ തങ്ങളെന്ത് ചെയ്യുമെന്നും ചോദിക്കുന്നു തൊഴിലാളികൾ.
ഹാർബറിലുണ്ടായിരുന്ന ശുചിമുറി 20 രൂപ ഫീസ് ഈടാക്കിയിട്ടും അത് പരിപാലിക്കാൻ നടത്തിപ്പുകാർ തയാറായില്ല. ഇതു ചോദിക്കാൻ അധികാരികളും ഇല്ല.
വലകൾ കളവ് പോകുന്നു
ഹാർബറിൽനിന്ന് വലകളും എൻജിനുകളും കളവ് പോവുന്നത് പതിവാണ്. ഇതിന് പരിഹാരമായി സി.സി ടി.വി കാമറ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടില്ല. ഹാർബർ തുറന്നശേഷം കാര്യമായ വിസകന പ്രവർത്തനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല.
ഒരുകുടിവെള്ള പൈപ്പെങ്കിലും
ഒരുകുടിവെള്ള പൈപ്പ് പോലും ഇവിടെയില്ല. ആവശ്യത്തിന് വെള്ളം തൊഴിലാളികൾ പുറത്തുനിന്ന് വാങ്ങും. തൊഴിലാളികൾ സ്വന്തം കീശയിൽനിന്ന് പണം ചെലവഴിച്ചാണ് വിശ്രമമുറി ഒരുക്കിയത്. 24 മണിക്കൂറും മത്സ്യത്തൊഴിലാളികൾ ഇടപഴകുന്ന ഹാർബറിൽ ആവശ്യത്തിന് വെളിച്ചവുമില്ല.
പരിഹാരമായില്ല
ഹാർബറിന്റെ സുരക്ഷയടക്കമുള്ള വിഷയങ്ങൾ പലതവണ കലക്ടറുടെ മീറ്റിങിലും എം.എൽ.എമാരുടെയും മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ പരിഹാരമായില്ലെന്ന് എസ്.ടി.യു നേതാവ് റഹീം പറഞ്ഞു. പുലിമുട്ടിലെ മുകളിൽനിന്ന് പകുതിയോളം കല്ലുകൾ ഇളകിപ്പോയി. ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ ഹാർബർ അപകടാവസ്ഥയിലാവുമെന്നും റഹീം ചൂണ്ടിക്കാട്ടുന്നു.
ആരും മുന്നോട്ട് വരുന്നില്ല
തൊഴിലാളികളുടെ അവശ്യങ്ങളെല്ലാം ന്യായമാണെന്ന് പറയുന്നു സി.ഐ.ടി.യു നേതാവ് കെ.പി. സവാദ്. 20 രൂപ ഫീസ് വാങ്ങിയിട്ടും ശുചിമുറി കൃത്യമായി പരിപാലിക്കാൻ പോലും കരാറുകാർ തയാറിയാല്ല. ഹാർബറിൽ കുടിവെള്ളമെത്തിക്കാൻ കോർപറേഷൻ തയാറാവണം. തൊഴിലളികളുടെ പ്രശ്നങ്ങൾ കൃത്യമായി അധികാരികളുടെ മുന്നിലെത്തിക്കാൻ ആരും മുന്നോട്ടുവരാത്തതാണ് പരിഹാരം വൈകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

