ശാസനയും അഴിച്ചുപണിയും: സി.പി.എമ്മിനെ കരകയറ്റാൻ ഈ തിരുത്ത് മതിയോ?
text_fieldsകോഴിക്കോട്: വിശാല സംസ്ഥാന സമിതി അവസാനിക്കുമ്പോൾ തലപ്പത്തെ അഴിച്ചുപണിയും ഒപ്പം സെക്രട്ടറിക്കുള്ള ശാസനയും കൊണ്ട് വീഴ്ചകൾ തിരുത്തി പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയിൽനിന്ന് തിരിച്ചുവരാനാകുമോ എന്ന ചോദ്യം പ്രസക്തമായി അവശേഷിക്കുന്നു. പാർട്ടിയുടെ അതിജീവനത്തിന് തിരുത്തൽ പ്രക്രിയ അനിവാര്യമാണെന്ന് പാർട്ടി കണ്ടെത്തുമ്പോഴും നിലവിലേത് അടിസ്ഥാനപരമായ പൊളിച്ചെഴുത്താണോ അതോ പുറമേക്കുള്ള സംഘടനാ അറ്റകുറ്റപ്പണി മാത്രമാണോ എന്നതിൽ കൃത്യമായ വിശദീകരണമില്ല.
തെറ്റുതിരുത്തലിനുള്ള മാർഗരേഖ വിശാല സമിതി അംഗീകരിച്ചെങ്കിലും സംസ്ഥാന സർക്കാറിനും കേന്ദ്രസർക്കാറിനും ഇ.ഡിക്കുമെതിരായ പോരാട്ടമാണ് പ്രധാന ഉള്ളടക്കമെന്നാണ് സെക്രട്ടറി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. പിണറായി വിജയനാണ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിച്ചത്. മുന്നണി ഉന്നയിച്ച വാദങ്ങൾ ജനം തിരസ്കരിച്ചുവെന്നുമാത്രമല്ല, കനത്ത പരാജയവും സമ്മാനിച്ചു. ഇതേ മുഖം മുൻനിർത്തി വീണ്ടും ജനങ്ങളിലേക്കിറങ്ങിയാൽ എത്രത്തോളം സ്വീകാര്യമാകുമെന്ന ചോദ്യം മുന്നണിക്കുള്ളിലുണ്ട്. അതേസമയം, ഇക്കാര്യം വിശാല സമിതിയുടെ പരിഗണനക്ക് വന്നതുമില്ല.
പാർലമെന്ററി വ്യാമോഹങ്ങൾ, സാമ്പത്തിക വിവാദങ്ങൾ, ആന്തരിക ജനാധിപത്യത്തിന്റെ അഭാവം, ജനങ്ങളുമായുള്ള അകൽച്ച എന്നിവ സി.പി.എമ്മിനെ കാർന്നുതിന്നുവെന്നത് അവലോകന റിപ്പോർട്ടുകളെല്ലാം അടിവരയിട്ടതാണ്. എന്നാൽ ഇത് എങ്ങനെ മറികടക്കുമെന്നതിന് കൃത്യമായ രൂപരേഖയുണ്ടോ എന്നത് സംശയം. അംഗങ്ങളുടെ ആസ്തിവിവരങ്ങൾ പരിശോധിക്കുമെന്നതാണ് ഇതിൽ എടുത്തുപറയാനുള്ളത്. ഇതാകട്ടെ മുൻപ് പലഘട്ടങ്ങളിൽ നിർദേശിച്ചതും നടപ്പാകാതെ പോയതുമാണ്.
1996ൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ, നേതാക്കളുടെ ജീവിതശൈലിയിലെ വ്യതിയാനങ്ങളെയും ആർഭാടങ്ങളെയും നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ ഉന്നത നേതാക്കളുടെ മക്കളുടെ വിവാഹങ്ങൾ ഉൾപ്പെടെ ചടങ്ങുകളിൽ കണ്ട ആർഭാടങ്ങൾ ഈ രേഖയുടെ പ്രസക്തിയെ ഇല്ലാതാക്കി. 2009-ൽ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന രേഖയും പാർലമെന്ററി വ്യാമോഹങ്ങളെയും സാമ്പത്തിക അച്ചടക്കമില്ലായ്മയെയും വിമർശിച്ചിരുന്നു. 2015-ൽ നടന്ന കൊൽക്കത്ത സംഘടനാ പ്ലീനവും വ്യക്തമായി ചൂണ്ടിക്കാണിച്ചത് പാർട്ടി കേഡർമാർക്കിടയിൽ വർധിച്ചുവരുന്ന പാർലമെന്ററി വ്യാമോഹത്തെക്കുറിച്ചായിരുന്നു. ഈ പശ്ചാത്തലത്തിൽ വേണം 2026-ലെ തിരുത്തൽ രേഖയെയും വിലയിരുത്താൻ. താഴെത്തട്ടിലുള്ളവർക്ക് മാത്രം ബാധകമാകുന്ന അച്ചടക്ക നിർദേശങ്ങളും, ഉന്നത നേതൃത്വത്തിന് നൽകുന്ന ഇളവുകളുമാണ് മുൻകാലങ്ങളിലെ തെറ്റുതിരുത്തൽ പ്രക്രിയകളെ പരാജയപ്പെടുത്തിയത്. മാത്രമല്ല, തിരുത്തിന് കാരണം രേഖയുടെ അഭാവമല്ലെന്നതും മുൻ കാല അനുഭവങ്ങൾ അടിവരയിടുന്നു.
കോഴിക്കോട് വിശാല സംസ്ഥാന സമിതിയിലെ ചർച്ചകളും പാർട്ടിയുടെ നിലവിലെ ജീർണതകളും തെളിയിക്കുന്നത് കൊൽക്കത്ത പ്ലീനത്തിലെയും പാലക്കാട് പ്ലീനത്തിലെയും തീരുമാനങ്ങൾ കേരളത്തിലെ സി.പി.എം ഘടകം ഇതുവരെയും പ്രായോഗിക തലത്തിൽ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല എന്നാണ്.
തൊഴിൽ മേഖലയിലെ മാറ്റം വെല്ലുവിളി
കേരളത്തിലെ തൊഴിൽ മേഖലയിലുണ്ടായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സി.പി.എമ്മിന് കഴിഞ്ഞില്ല എന്നതും ഒരു വലിയ പോരായ്മയാണ്. കാർഷിക-പരമ്പരാഗത വ്യവസായ മേഖലകളിൽ നിന്ന് മാറി സേവന മേഖലയിലേക്കും, പ്ലാറ്റ്ഫോം തൊഴിലുകളിലേക്കും, ഐ.ടി മേഖലയിലേക്കും തൊഴിൽ ശക്തി മാറിയപ്പോൾ, അവരെ ഫലപ്രദമായി സംഘടിപ്പിക്കാൻ സി.പി.എമ്മിന്റെ ട്രേഡ് യൂനിയനുകൾക്ക് കഴിഞ്ഞില്ല. അരാഷ്ട്രീയവൽക്കരിക്കപ്പെട്ട യുവതലമുറ പാർട്ടിയുടെ അടിസ്ഥാന വർഗസിദ്ധാന്തങ്ങളിൽ നിന്ന് അകന്നുപോയി. വർഗസമരം എന്ന പഴയകാല ആശയങ്ങളെ പുതിയകാല തൊഴിൽ സമൂഹത്തിന് മനസ്സിലാകുന്ന രീതിയിലേക്ക് നവീകരിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നതും പോരായ്മയായി വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

