കോഴിക്കോടിന് നഷ്ടപ്പെടുമോ ഫുഡ് കോർട്ട്
text_fieldsകോഴിക്കോട്: രുചിവൈവിധ്യങ്ങൾക്ക് പേരുകേട്ട കോഴിക്കോടിന് നാഷനൽ ഹെൽത്ത് മിഷനിൽനിന്ന് അനുവദിച്ചുകിട്ടിയ ഫുഡ്കോർട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക. ഫുഡ് കോർട്ടിന് സ്ഥലം അനുവദിച്ച് കോർപറേഷൻ പ്രപ്പോസൽ സമർപ്പിക്കാത്തതാണ് ആശങ്കക്ക് കാരണം. സരോവരം ബയോപാർക്ക് കേന്ദ്രീകരിച്ച് ഫുഡ് കോർട്ട് തുടങ്ങുമെന്നായിരുന്നു കോർപറേഷൻ നേരത്തേ അറിയിച്ചിരുന്നത്.
ഇതിന് തുടർനടപടികൾ സ്വീകരിക്കുകയോ കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയോ ചെയ്തിരുന്നില്ല. സ്ഥലം കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ബീച്ചിൽ കോർപറേഷൻ നേരത്തേ നിശ്ചയിച്ചിരുന്ന വെൻഡിങ് സോണിന്റെ ഭാഗമായി ഫുഡ് കോർട്ട് പദ്ധതികൂടി നടപ്പാക്കാനാണ് പുതിയ തീരുമാനമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു.
ഇതിന്റെ പ്രപ്പോസൽ പൂർത്തിയാക്കിക്കഴിഞ്ഞതായും ഉടൻ മറ്റു നടപടികളിലേക്ക് കടക്കുമെന്നും മേയർ പറഞ്ഞു. കോർപറേഷൻ, ഭക്ഷ്യസുരക്ഷ വകുപ്പ്, നാഷനൽ ഹെൽത്ത് മിഷൻ, വിനോദസഞ്ചാര വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. പുതിയ സ്ഥലം കണ്ടെത്തിയതു സംബന്ധിച്ച് മറ്റ് ഏജൻസികൾക്കൊന്നും കോർപറേഷൻ അറിയിപ്പ് കൈമാറിയിട്ടില്ലെന്നാണ് വിവരം.
മാർച്ച് 31ന് പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ ഫണ്ട് ലഭിക്കുകയുള്ളൂ. രാജ്യത്തെ 100 നഗരങ്ങളിൽ ഫുഡ് സ്ട്രീറ്റുകൾ ഒരുക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയിലാണ് കോഴിക്കോടും ഉൾപ്പെട്ടത്. ഒരു കോടി രൂപയാണ് കേന്ദ്രം ഇതിനായി അനുവദിക്കുക. എറണാകുളം, തിരുവനന്തപുരം, മൂന്നാർ എന്നിവയാണ് കേരളത്തിൽനിന്ന് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട മറ്റു പ്രദേശങ്ങൾ. ഇതിൽ കോഴിക്കോട്ട് മാത്രമാണ് നടപടികൾ എങ്ങുമെത്താതെ നിൽക്കുന്നത്. എറണാകുളത്ത് ടെൻഡർ നടപടി പൂർത്തിയാക്കി തറക്കല്ലിടൽ നടന്നു. തിരുവനന്തപുരത്ത് അടുത്ത ആഴ്ച തറക്കല്ലിടും.
മൂന്നാറിലും സ്ഥലം കണ്ടെത്തി പ്രപ്പോസൽ സമർപ്പിച്ചുകഴിഞ്ഞു. കോർപറേഷൻ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ പദ്ധതി കോഴിക്കോടിന് നഷ്ടമാവുമെന്നാണ് ആശങ്ക. ഒരു കോടി ചെലവിൽ ആധുനിക രീതിയിൽ 20 സ്റ്റാളുകളുള്ള കെട്ടിടമാണ് ഒരുക്കുക. ഇതിനൊപ്പം പൊതു ഡൈനിങ് ഹാൾ, ശുചിമുറി, പാർക്കിങ് കേന്ദ്രം എന്നിവയും ഒരുക്കും. സ്റ്റാളുകൾ സ്വകാര്യ വ്യക്തികൾ, കുടുംബശ്രീ പോലുള്ള സംഘടനകൾ എന്നിവക്ക് നൽകിയാണ് രുചിവൈവിധ്യങ്ങൾ ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

