ശ്രദ്ധേയമായി ‘കാനനം’ വന്യജീവി ഫോട്ടോ പ്രദർശനം
text_fieldsആർട്ട് ഗാലറിയിൽ ആരംഭിച്ച ‘കാനനം’ വന്യജീവി ഫോട്ടോ പ്രദർശനം ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി
ഉദ്ഘാടനം ചെയ്ത ശേഷം കാണുന്നു
കോഴിക്കോട്: വന്യജീവി സംരക്ഷണത്തിന്റെ സന്ദേശം പകർന്നുനൽകുന്ന ‘കാനനം’ വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫി പ്രദർശനം ലളിത കല അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. വിവിധ വനമേഖലകളിൽനിന്ന് പകർത്തിയ 140 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. കാടുകൾ, വന്യമൃഗങ്ങൾ, പക്ഷികൾ, ചെറുജീവികൾ എന്നിവയുടെ വൈവിധ്യവും, ആനകളും പുലികളും മാത്രമല്ലാതെ അപൂർവ പക്ഷികളും ജീവജാലങ്ങളുമായി പ്രദർശനം വേറിട്ട അനുഭവം പകരുന്നു. പ്രദർശനം ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ പ്രകൃതിയോടും വന്യജീവികളോടും അടുപ്പവും ഉത്തരവാദിത്ത ബോധവും വളർത്തുകയാണ് പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഫോട്ടോഗ്രാഫർ അനിലേഷ് പറഞ്ഞു. കാട്ടറിവ് വർധിക്കുന്നതിനൊപ്പം, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ് പ്രദർശനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യനാണ് പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയെന്നും പ്രകൃതി മനുഷ്യനെ ഒരുതരത്തിലും ദ്രോഹിക്കുന്നില്ലെന്നുമാണ് ചിത്രങ്ങൾ വരിച്ചിടുന്നതെന്ന് ഫോട്ടോഗ്രാഫർ സത്രജിത് അഭിപ്രായപ്പെട്ടു. വിവിധ തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്നവരാണ് പ്രദർശനം ഒരുക്കിയ ഫോട്ടോഗ്രാഫർമാർ. 30 ഫോട്ടോഗ്രാഫർമാർ ചേർന്ന് ഒരുക്കിയ പ്രദർശനം ഈ മാസം 28ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

