കൂരാച്ചുണ്ടിൽ കാട്ടാനശല്യം രൂക്ഷം
text_fieldsഎൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ കൂരാച്ചുണ്ടിൽ കാട്ടാന ശല്യം ഉള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നു
കൂരാച്ചുണ്ട്: മലയോര മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കക്കയം വനമേഖലയിൽ നിന്ന് റിസർവോയർ നീന്തിക്കടന്നെത്തുന്ന കാട്ടാനക്കൂട്ടങ്ങൾ ജനവാസ മേഖലകളിൽ വ്യാപകമായി കൃഷിനാശം വരുത്തുന്നത്. കാട്ടാനകൾക്ക് പുറമെ മയിൽ, കുരങ്ങ്, കാട്ടുപന്നി എന്നിവയും കൃഷിയിടങ്ങൾ നശിപ്പിക്കുന്നതോടെ മേഖലയിലെ കർഷകർ കടുത്ത പ്രതിസന്ധിയിലായി.
കാട്ടാനശല്യം തടയുന്നതിനായി കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 1.60 കോടി രൂപയുടെ സൗരവേലി സ്ഥാപിക്കാൻ കൃഷിവകുപ്പ് പദ്ധതി തയാറാക്കിയിരുന്നു. പദ്ധതിയുടെ ടെൻഡർ നടപടികൾ വനംവകുപ്പ് സ്വീകരിച്ചെങ്കിലും നടപ്പാക്കാനായിട്ടില്ല. ഇറിഗേഷൻ ഭൂമിയിലൂടെ വേലി സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
ഇറിഗേഷൻ വകുപ്പിന്റെ അനുമതിക്കായി കഴിഞ്ഞ സെപ്റ്റംബർ 24ന് ഫയൽ തിരുവനന്തപുരത്തേക്ക് അയച്ചെങ്കിലും ഇതുവരെ തുടർനടപടികളുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. പദ്ധതി വൈകുന്നതോടെ കർഷകരുടെ ദുരിതവും വർധിക്കുകയാണ്.
വളംവില വർധന ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ നേരിടുന്ന കർഷകർക്ക് കാട്ടുമൃഗങ്ങളുടെ ആക്രമണം ഇരുട്ടടിയായി. കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ച് നഷ്ടം വിലയിരുത്തുകയോ അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുകയോ ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ കൃഷിവകുപ്പും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം.
കൂരാച്ചുണ്ട് മേഖലയിൽ നടത്തിയ സന്ദർശനത്തിനിടെ കർഷകരുമായി നേരിട്ട് സംസാരിക്കുകയും അവർ നേരിടുന്ന പ്രശ്നങ്ങളും കൃഷിനാശത്തിന്റെ വ്യാപ്തിയും ബോധ്യപ്പെടുകയും ചെയ്തതായി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായം ഉറപ്പാക്കണം. സൗരവേലി സ്ഥാപിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കി പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

