പന്നിയെ വെടിവെക്കൽ: പുതിയ ഉത്തരവിൽ ജില്ലക്കും ആശ്വാസം
text_fieldsകോഴിക്കോട്: ജനവാസമേഖലകളിലെത്തുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും അനുമതി നൽകി ഉത്തരവിറങ്ങിയത് ജില്ലയിലെ കർഷകർക്കും സാധാരണക്കാർക്കും ആശ്വാസമാകും. തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് അനുമതി നൽകുന്നതോടെ പന്നിയെ വെടിവെക്കുന്നതിൽ വേഗം വർധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടുപന്നി ശല്യമുള്ളത് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ്. കോഴിക്കോട് നഗരം വരെ നീളുന്ന താമരശ്ശേരി റേഞ്ച് പരിധിയിൽ പന്നിശല്യത്തിെൻറ പരാതികളില്ലാത്ത ഒരു ദിവസം പോലുമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. കട്ടിപ്പാറ, മാവൂർ, കൊടിയത്തൂർ, കാരശ്ശേരി, കോടഞ്ചേരി, താമരശ്ശേരി, പുതുപ്പാടി, ഓമശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലാണ് കാർഷിക വിളകൾക്ക് കൂടുതൽ നാശമുണ്ടാകുന്നത്.
പെരുവണ്ണാമൂഴി റേഞ്ചിൽ കൂരാച്ചുണ്ട്, കായണ്ണ എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. വടകരയിൽപ്പെട്ട നാദാപുരം, തൂണേരി, കുറ്റ്യാടി തുടങ്ങിയ പ്രദേശങ്ങളിലും സ്ഥിതി രൂക്ഷമാണ്. പെട്ടെന്ന് പെറ്റുപെരുകുന്നതിനാൽ ഒരു പഞ്ചായത്തിൽ തന്നെ നൂറുകണക്കിന് പന്നികളുണ്ടാകും. കൊയിലാണ്ടി-താമരശ്ശേരി-മുക്കം സംസ്ഥാന പാതയിലും വയനാട്ടിലേക്കുള്ള ദേശീയപാതയിലും പന്നികൾ സ്ഥിരം സാന്നിധ്യമാണ്. അപകടങ്ങൾക്കും കുറവില്ല. തോക്ക്ലൈസൻസുള്ളവർക്ക് പന്നിയെ വെടിവെക്കാൻ അനുവാദം നൽകിയ ശേഷം നൂറിലേറെ എണ്ണത്തെ താമരശ്ശേരി റേഞ്ചിൽ മാത്രം കൊന്നിട്ടുണ്ട്.
എന്നാൽ, ശല്യം കൂടുന്നതല്ലാതെ കുറയുന്നില്ല. തോക്ക് ലൈസൻസുള്ള കർഷകരെയാണ് വനംവകുപ്പ് എംപാനൽ ലിസ്റ്റിലുൾപ്പെടുത്തി വെടിവെക്കാൻ അനുവാദം നൽകിയത്. താമരശ്ശേരി റേഞ്ചിൽ 29 പേർ മാത്രമാണ് എംപാനൽ ലിസ്റ്റിലുള്ളത്. നേരത്തേയുണ്ടായിരുന്ന ലൈസൻസുകൾ പുതുക്കി നൽകിയാൽ അതത് പഞ്ചായത്തുകളിൽ കൂടുതൽ പേർക്ക് പന്നിയെ കൊല്ലാനുള്ള അനുവാദം ലഭിക്കും. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കാട്ടുപന്നിയെ വെടിവെക്കാൻ തോക്ക് ലൈസൻസുള്ള എംപാനൽ ഷൂട്ടർമാർക്ക് നിർദേശം നൽകുന്നത്.
ഷൂട്ടർമാരെത്തി വെടിവെക്കുകയും പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി സംസ്കരിക്കുകയാണ് പതിവ്. ഷൂട്ടർമാർ വെടിവെച്ചിട്ട ശേഷം വനംവകുപ്പിനെ അറിയിക്കുന്ന സംഭവങ്ങളുമുണ്ട്. ഒരു പ്രദേശത്ത് പന്നിയെ കണ്ടാൽ വെടിവെക്കാൻ വൈകുന്നെന്ന് ആക്ഷേപമുയർന്നിരുന്നു. ഇനി മുതൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും അധ്യക്ഷന്മാർക്കും ഉടനടി ഉത്തരവ് നൽകാം.
അതേസമയം, നിലവിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

