കാണാതായ യുവാവിനെ തേടി ബംഗാളിൽനിന്ന് ഭാര്യയെത്തി
text_fields
ബംഗാളിലെ ഷിബ്ഗഞ്ച് സ്വദേശി ജൈനൽ ആബിദീൻ ഷെയ്ഖിൻെറ തിരോധാന ത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഭാര്യ അനോവറ ഷൈഖയും ജിന്നാത്ത് ലാസ്കറും
ബേപ്പൂർ: ഏഴു മാസം മുമ്പ് കാണാതായ അന്തർസംസ്ഥാന യുവാവിനെ തേടി പശ്ചിമ ബംഗാളിൽനിന്ന് ഭാര്യയും വയോധികനായ ബന്ധുവും എത്തി. വട്ടക്കിണറിന് സമീപത്ത് അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടത്തിലേക്കാണ് പർഗാന സൗത്ത് 24 ജില്ലയിലെ ഷിബ്ഗഞ്ച് സ്വദേശിനി അനോവറ ശൈഖ എത്തിയത്.
ആറു മാസം മുമ്പ് വട്ടക്കിണറിന് സമീപമുള്ള റൂമിൽനിന്ന് ജോലിക്കു പോയശേഷം കാണാതായ ജൈനൽ ആബിദീൻ ശൈഖ് (40) ഇതുവരെ താമസസ്ഥലത്തോ സ്വദേശത്തോ തിരിച്ചെത്തിയിട്ടില്ല. കൂടെ ജോലി ചെയ്യുന്നവർ അന്വേഷണം നടത്തിയെങ്കിലും വിവരമില്ല. ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാത്തതിനാലാണ് യുവതിയും പിതാവിെൻറ സുഹൃത്തും അയൽവാസിയുമായ ജിന്നാത്ത് ലാസ്കറും അന്വേഷിച്ചെത്തിയത്.
ദമ്പതികൾക്ക് മൂന്നു പെൺമക്കളും ഒരാൺകുട്ടിയുമാണുള്ളത്. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്നാണ് പറയപ്പെടുന്നത്. പന്നിയങ്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സ്വദേശത്തേക്ക് തിരിച്ചുപോകാൻ ഇവരുടെ ൈകയിൽ പണമില്ലാത്തതിനാൽ എറണാകുളത്ത് ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ മറ്റ് സുഹൃത്തുക്കളെ കണ്ടെത്തി പണം തരപ്പെടുത്തുവാനാണ് ശ്രമം. ഇതിനിടെ പന്നിയങ്കര പൊലീസിൽ കൊടുത്ത പരാതിയുടെ അന്വേഷണ പുരോഗതി എങ്ങനെ അറിയുമെന്ന വേവലാതിയും ഇവർ 'മാധ്യമ'വുമായി പങ്കുവെച്ചു.

