ഡൽഹി സമരം: നേതാക്കളുടെ കസ്റ്റഡിയിൽ വ്യാപക പ്രതിഷേധം
text_fieldsകോഴിക്കോട്: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച രാഷ്ട്രീയ-സാമൂഹിക സംഘടന നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനങ്ങളും ധർണകളും നടത്തി.
പ്രതിപക്ഷനേതാവ് പിണറായി വിജയനടക്കം സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജില്ല സെക്രട്ടറി എം. മെഹബൂബ്, സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
പിണറായി വിജയനെയും എം.എ. ബേബിയെയുമെന്നും ലാത്തിയും കുന്തവും കാട്ടി പേടിപ്പിച്ചാൽ പുല്ലാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. രാജ്യത്തിന്റെ മുക്കും മൂലയും ജന്ദർമന്ദറായി മാറുമെന്നും ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നത് ജനാധിപത്യ വിശ്വാസികളുടെ ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മോദി ഭരണകൂടം ജനാധിപത്യ സമൂഹത്തിന് അപമാനമാണെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാര്‍. മുതിര്‍ന്ന നേതാക്കളെയെല്ലാം മണിക്കൂറുകളോളം കസ്റ്റഡിയില്‍വെച്ച് കുടിവെള്ളം പോലും നല്‍കാതെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച നടപടി ആശങ്കയുണ്ടാക്കുന്നു. രാജ്യതലസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈ ദിവസം ജനാധിപത്യത്തിന് നാണക്കേടാണ്.
കോടിക്കണക്കിനാളുകളുടെ വോട്ടവകാശം വളഞ്ഞവഴിയില്‍ ഇല്ലാതാക്കി അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ആസൂത്രിത നീക്കമാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും നടത്തുന്നത്. എല്ലാ അട്ടിമറികള്‍ക്കും കൂട്ടുനില്‍ക്കുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാണ് രാജ്യം ആവശ്യപ്പെടുന്നത്. ഈ വികാരത്തെ അടിച്ചമര്‍ത്താനാണ് മോദിയും കൂട്ടാളികളും ശ്രമിക്കുന്നത്.
നാലുപേരില്‍ കൂടുതല്‍ ഉണ്ടെങ്കിലേ നിരോധനാജ്ഞയുടെ ലംഘനമാകൂവെന്നിരിക്കെ മൂന്നുപേര്‍ മാത്രമുള്ളപ്പോഴാണ് പിണറായിയെ കസ്റ്റിഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ മണിക്കൂറുകളോളം ജീപ്പിലിരുത്തി പിണറായിയെ പീഡിപ്പിച്ചു. ഇതുകൊണ്ടൊന്നും മോദി സര്‍ക്കാരിനെതിരെ ഉയരുന്ന ജനരോഷത്തെ ചെറുക്കാന്‍ കഴിയില്ലെന്നും പ്രക്ഷോഭം വരും ദിവസങ്ങളില്‍ രാജ്യമാകെ പടരുമെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്. വോട്ട് ചോരിക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി-യുവജന പ്രക്ഷോഭത്തെ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് അടിച്ചമർത്തുന്നനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ബീച്ചിൽ ജന്തർ മന്തർ പ്രതിഷേധം സംഘടിപ്പിച്ചു.
സമരം ചെയ്യുന്ന സംഘടന നേതാക്കളെയും വിദ്യാർഥികളെയും കസ്റ്റഡിയിൽ വെക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്ന സംഘ് പരിവാർ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു.
വെൽഫയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകരായ ഗ്രോ വാസു, ഒ.പി. രവീന്ദ്രൻ, ഗാർഗി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി റിസ്‌വാന ഷെറിൻ, അനഘ ശശി, വെൽഫെയർ പാർട്ടി ജില്ല ട്രഷറർ അൻവർ കെ.സി, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ, സെക്രട്ടറി ഷിബിൻ റഹ്മാൻ എന്നിവർ സംസാരിച്ചു.
ഇടത് നേതാക്കൾക്കെതിരെ നടന്ന ഭരണകൂട വേട്ടയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രതിഷേധിച്ചു.
എൽ.ഐ.സി കോർണറിൽ നടന്ന പരിപാടി ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇ. ബേബി വാസൻ, പി.എം. കരുണാകരൻ, കെ.ടി.എ. മജീദ്, അഡ്വ. ഐ.വി. രാജേന്ദ്രൻ, കൃഷ്ണൻ നീലിമ, കെ.പി. ശിവൻ, കെ. അഹമ്മദ്, പി. അബ്ദുൽ ഖയൂം എന്നിവർ സംസാരിച്ചു.
പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് സി. അബ്ദുറഹീം അധ്യക്ഷനായി. വി.പി. ഷംഷീർ, ജില്ല സെക്രട്ടറി കെ.പി. സലീം, നോർത്ത് മണ്ഡലം സെക്രട്ടറി റഹീം മൂഴിക്കൽ, സാലിം ഹിലാൽ, യു.പി. അബൂബക്കർ, മുജീബ് വെള്ളയിൽ, മുഹമ്മദ് കൊമേരി, പി.എം. ഷാജഹാൻ, കുഞ്ഞബ്ദുല്ല പേരാമ്പ്ര എന്നിവർ സംസാരിച്ചു. മുതലക്കുളം മൈതാനപരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കിഡ്സൺ കോർണറിൽ സമാപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

