എന്തുകൊണ്ടാണ് സർ നഗരത്തിൽ ഇങ്ങനെയൊരു പോളിങ് ബൂത്ത്?
text_fieldsകോഴിേക്കാട്: അതിദയനീയമായിരുന്നു കോർപറേഷൻ തോപ്പയിൽ വാർഡിലെ അഞ്ചാം ബൂത്തിലെ അവസ്ഥ. കടലോര പ്രദേശത്തെ ജനവാസകേന്ദ്രത്തിനുള്ളിലെ കരുണതീരം അംഗൻവാടിയിലായിരുന്നു 1500ലേറെ വോട്ടർമാർക്ക് ബൂത്ത് ഒരുക്കിയത്. ഒറ്റമുറി കെട്ടിടത്തിലെ ബൂത്തിൽ നിന്നുതിരിയാൻ പോലും സൗകര്യമില്ല. രാവിലെ ഏഴിന് വോട്ട് ചെയ്യാനെത്തിയവർക്ക് ഉച്ചക്ക് 11നാണ് വോട്ട് ചെയ്യാനായത്. ക്യൂ നിൽക്കാൻ പോലും സൗകര്യമില്ലാത്ത കേന്ദ്രത്തിലാണ് ബൂത്ത് സജ്ജീകരിച്ചത്. പരിസരത്തെ ഇടവഴികളിലെല്ലാം നീണ്ടുകിടന്നു വോട്ടർമാരുടെ ക്യൂ.
രാവിലെ വന്ന നൂറുകണക്കിന് പേർ വോട്ട് ചെയ്യാനാവാതെ മടങ്ങി. ഉച്ചക്ക് ശേഷം മുന്നണി പ്രവർത്തകർ വോട്ടർമാരെ വീണ്ടും ബൂത്തിലെത്തിച്ചു. വൈകുന്നേരം അഞ്ചിന് അഞ്ഞൂറിനടത്ത് പേർ വോട്ട്ചെയ്യാനുണ്ടായിരുന്നു. രാത്രി ഏഴരയോടെയാണ് പോളിങ് പൂർത്തിയാക്കാനായത്. ആവശ്യത്തിന് വെളിച്ചം പോലുമില്ലാത്ത ഇടവഴികളിൽ രാത്രിയും ചെലവഴിക്കേണ്ടി വന്ന രോഷത്തിലായിരുന്നു വോട്ടർമാർ. കഴിഞ്ഞ തവണയും ഇൗ ബൂത്തിനെ ചൊല്ലി പരാതി ഉണ്ടായെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഇത്തവണയും ദുരിതം ആവർത്തിച്ചത്.
വാർഡിലെ സർക്കാർ സ്കൂളുകളിലും പോളിടെക്നിക്കിലും ബൂത്തൊരുക്കാൻ വിശാലമായ സൗകര്യമുണ്ടായിട്ടും എന്തുകൊണ്ടാണ് ഇവിടെ വീണ്ടും ബൂത്ത് സജ്ജമാക്കുന്നത് എന്നാണ് വോട്ടർമാർ ചോദിക്കുന്നത്. ജനവാസകേന്ദ്രത്തിനുള്ളിൽ ബൂത്ത് ഉള്ളത് തങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതായി പരിസരവാസികൾ പറഞ്ഞു. രാത്രിയായാൽ ഇവിടെ സംഘർഷവും ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ശക്തമായ പൊലീസ് സന്നാഹം ഇവിടെയുണ്ടായിരുന്നു.