റോഡിലിറങ്ങുമ്പോൾ ഓർക്കുക, പ്രിയപ്പെട്ടവരുെട ഓർമകൾ തീരാവേദനയാണെന്ന്...
text_fieldsറോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമ പുതുക്കുന്ന ഡേ ഓഫ് റിമംബറൻസ് ഫോർ റോഡ് ട്രാഫിക് വിക്ടിം പരിപാടിയിൽ സായൂജിന് ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു ദീപം കൈമാറുന്നു
കോഴിക്കോട്: സഹോദരന്റെ ജീവൻ പൊലിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടവേ ദുഃഖം ഉള്ളിലൊതുക്കി സായൂജെത്തി ഏറ്റുവാങ്ങിയ വെളിച്ചത്തിന്റെ പ്രകാശം പരന്നത് ചിന്തയിലേക്ക്. അൽപം ശ്രദ്ധവെച്ചാൽ റോഡിൽ ജീവൻ പൊലിഞ്ഞ് കുടുംബം അനാഥമാകുന്നത് ഒഴിവാക്കാമെന്ന വലിയ സന്ദേശം എത്തിക്കാൻ തന്നാലാവുന്നത് ചെയ്യാനാണ് ചെമ്മരത്തൂർ മാരാംവീട്ടിൽ സായൂജ് ടൗൺഹാളിൽ സംഘടിപ്പിച്ച ‘ഡേ ഓഫ് റിമംബറൻസ് ഫോർ റോഡ് ട്രാഫിക് വിക്ടിം’ പരിപാടിയിൽ സംബന്ധിച്ചത്.
ഛത്തിസ്ഗഢിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ സഹോദരൻ സൂരജ് സെപ്റ്റംബറിൽ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. സൂരജ് സഞ്ചരിച്ച ബുള്ളറ്റിൽ അശ്രദ്ധമായി വന്ന ലോറി ഇടിക്കുകയായിരുന്നു. സഹോദരന്റെ മരണം കുടുംബത്തെ തളർത്തി.
വേദനയുടെ ഓർമകൾക്ക് അയവുവന്നിട്ടില്ലെങ്കിലും റോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമപുതുക്കുന്നതിനും അവരുടെ വേദനയിൽ പങ്കുചേർന്ന് ഇനിയും ഇത്തരത്തിൽ റോഡപകടമരണം ഉണ്ടാവാതിരിക്കാനുള്ള പ്രതിജ്ഞ എടുക്കുന്നതിനും എത്തണമെന്ന ആഗ്രഹത്തിലാണ് സായൂജ് പരിപാടിക്കെത്തിയത്. ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു സായൂജിന് ദീപം നൽകി.
ട്രാക്ക് പ്രസിഡന്റ് സി.എം. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ലോക സ്മൃതിദിനത്തിൽ ജില്ലയിൽ വാഹനാപകടത്തിൽ മരിച്ച 273 പേരെയും അനുസ്മരിച്ച് സദസ്സിലുള്ള എല്ലാവരും മെഴുകുതിരി പ്രകാശിപ്പിച്ചു. ആർ.ടി.ഒ പി.ആർ. സുമേഷ്, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. എ. അരുൺകുമാർ, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻറ് എം. ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു. ട്രാക്ക് സെക്രട്ടറി കെ. രാജഗോപാലൻ സ്വാഗതവും ട്രഷറർ പി.കെ. കൃഷ്ണനുണ്ണി രാജ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

