കോവിഡ് മരണം ഏതെല്ലാം; വ്യക്തതയില്ലാതെ അധികൃതർ
text_fieldsകോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടാത്ത കോവി ഡ് പോസിറ്റിവ് മരണങ്ങൾ 465 എണ്ണം മാത്രമെന്ന് ഔദ്യോഗിക കണക്ക്. കോഴിക്കോട് 41 മരണമാണ് ഇത്തരത്തിൽ പട്ടികയിൽനിന്ന് പുറത്തുള്ളത്. മരിക്കുമ്പോൾ കോവിഡ് പോസിറ്റിവാണെങ്കിലും മരണകാരണം കോവിഡ് അല്ലാത്ത കേസുകളാണ് ഇവ എന്നതാണ് ഔദ്യോഗിക വിശദീകരണം.
അപകടം മൂലമോ മറ്റ് അസുഖങ്ങളുള്ളവരോ മരിക്കുമ്പോൾ കോവിഡ് പോസിറ്റിവാണെങ്കിലും മരിക്കാനിടയായ സാഹചര്യം കോവിഡ് അല്ലാത്തതിനാൽ ഇത്തരം കേസുകൾ കോവിഡ് കണക്കിൽ ഉൾപ്പെടുത്തുന്നില്ല.
2020 ജൂലൈ മുതൽ 2021 ജൂലൈ വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടത്. ഏതെല്ലാം മരണങ്ങൾ കോവിഡ് കണക്കിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. നേരത്തെ കോവിഡ് മരണം കുറച്ചുകാണിക്കുന്നതിനായി പട്ടികയിൽനിന്ന് ഒഴിവാക്കിയ കേസുകൾ ഇപ്പോൾ തിരിച്ചടിയാവുകയാണ്. മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നവർ കോവിഡ് ബാധിച്ചതിനെ തുടർന്ന് രോഗം ഗുരുതരമാവുകയും മരിക്കുകയും ചെയ്യുന്ന സംഭവങ്ങളും കോവിഡാനന്തര പ്രശ്നങ്ങൾ മൂർച്ഛിച്ച് മരിക്കുന്ന സംഭവങ്ങളും ഏത് കണക്കിൽ ഉൾപ്പെടുന്നു എന്നതുസംബന്ധിച്ചാണ് അധികൃതർക്ക് വ്യക്തതയില്ലാത്തത്. മുമ്പ് ഇത്തരം കേസുകൾ ഒന്നും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.
എന്നാൽ, കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി വന്നതോടെ പട്ടികയിൽനിന്ന് പുറത്തായവരുടെ ബന്ധുക്കളുടെ പരാതികളും ഉയരാൻ തുടങ്ങി. ഇതേ തുടർന്ന് മാസങ്ങൾക്കുമുമ്പ് മരിച്ചവരെ പോലും ഔദ്യോഗിക പട്ടികയിൽ തിരക്കുപിടിച്ച് ഉൾപ്പെടുത്തുന്നുണ്ട്.
ഒരു കോവിഡ് രോഗി മരിക്കുമ്പോൾ അവരുടെ അതുവരെയുള്ള ചികിത്സ വിവരങ്ങൾ, അവർക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നോ, ആ അസുഖത്തിെൻറ അവസ്ഥ, കോവിഡ് അവരെ എത്രമാത്രം ബാധിച്ചു, മരണകാരണം കോവിഡാകാൻ സാധ്യതയുണ്ടോ തുടങ്ങിയ വിവരങ്ങളെല്ലാം ചികിത്സിക്കുന്ന ആശുപത്രിയിൽനിന്ന് ആരോഗ്യവകുപ്പിലേക്ക് നൽകുന്നുണ്ട്.
കോവിഡ് അടിസ്ഥാന കാരണമാകുന്ന മരണത്തിൽ കോവിഡ് ന്യുമോണിയ മൂലകാരണം എന്ന് രേഖപ്പെടുത്താറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
കോവിഡ് ഐ.സി.യുവിൽ കിടക്കുന്ന രോഗികൾക്ക് രോഗം മാറാതെ തന്നെ വീണ്ടും കോവിഡ് പരിശോധന നടത്തുന്നത് അവരെ കോവിഡിതര ഐ.സി.യുവിലേക്ക് മാറ്റി കോവിഡ് ഐ.സി.യുവിൽ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതിനാണ്. ഈ സാഹചര്യത്തിൽ കോവിഡ് നെഗറ്റിവായാൽ പോലും അവരുടെ മരണം കോവിഡ് മരണമായി തന്നെ കണക്കാക്കേണ്ടതാണെന്നും ഡോക്ടർമാർ പറയുന്നു.
അതേസമയം, കോവിഡ് നെഗറ്റിവായ ശേഷമാണ് രോഗി മരിക്കുന്നതെങ്കിലും മരണത്തിലേക്ക് നയിച്ചത് കോവിഡാണെന്ന സർട്ടിഫിക്കറ്റ് രോഗിയെ ചികിത്സിച്ച ഡോക്ടർ നൽകിയാൽ ആ മരണം ജില്ലയിലെ കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ.വി. ജയശ്രീ പറഞ്ഞു.
അങ്ങനെ വരുമ്പോൾ കോവിഡ് മരണനിരക്ക് നിലവിലുള്ള 0.43 ശതമാനത്തിൽ നിന്ന് ഉയരും. രക്ഷിതാക്കൾ കോവിഡ് ബാധിച്ച് മരിച്ച കുട്ടികൾക്ക് സഹായം നൽകുമെന്ന സർക്കാർ ഉത്തരവോടുകൂടിയാണ് കോവിഡ് മരണക്കണക്കുകൾ കൃത്യമായി രേഖപ്പെടുത്താൻ തന്നെ തുടങ്ങിയത്. അതിനായി വിവരം ശേഖരിക്കാൻ വനിത ശിശുക്ഷേമ വകുപ്പിനെ ഏൽപിക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ ജില്ലയിലെയും ശിശു സംരക്ഷണ ഓഫിസറുടെ നേതൃത്വത്തിൽ അംഗൻവാടി വർക്കർമാരെ ഉപയോഗിച്ച് കണക്കെടുപ്പും നടക്കുന്നുണ്ട്. എന്നാൽ, കണക്കുകളിൽ വ്യക്തതയില്ലെന്നതാണ് ഓഫിസർമാരുടെ തന്നെ പരാതി. ഏതെല്ലാമാണ് കോവിഡ് മരണത്തിൽ ഉൾപ്പെടുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതാണ് കണക്കുകളിലെ അവ്യക്തതക്ക് കാരണമെന്ന് ജില്ല ശിശു സംരക്ഷണ ഓഫിസർ അനുരാധ പറഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് 18-59 വയസ്സിനിടയിലുള്ള 3741 പേരാണ് മരിച്ചത്. ഇതിൽ നല്ലൊരു ശതമാനവും കുടുംബത്തിെൻറ അത്താണിയാണെന്നും എന്നാൽ ഈ കണക്ക് കൃത്യമായി വ്യക്തമാക്കാൻ ആവില്ലെന്നുമാണ് അധികൃത പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

