ഫലസ്തീനിൽ ഇന്ത്യ ആഗ്രഹിക്കുന്നത് ഗാന്ധിജിയുടെ നയം -സാദിഖലി തങ്ങള്‍
text_fieldsഫലസ്തീന് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് മാനാഞ്ചിറക്കു സമീപം തീർത്ത യുദ്ധവിരുദ്ധ വലയം
കോഴിക്കോട്: ഗാന്ധിജിയുടെ നയമാണ് ഫലസ്തീന് വിഷയത്തില്‍ ഇന്ത്യയുടെ പൊതുമനഃസാക്ഷി ആഗ്രഹിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മാനാഞ്ചിറയില്‍ സംഘടിപ്പിച്ച യുദ്ധവിരുദ്ധ വലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഫലസ്തീന് ജനതക്കൊപ്പം നിലയുറപ്പിക്കാനാണ് ഗാന്ധിജി ആഹ്വാനംചെയ്തത്. ഇന്ത്യയിലെ മതേതര ഭരണകൂടങ്ങളൊക്കെ ഫലസ്തീന് ജനതക്കാണ് പിന്തുണ പ്രഖ്യാപിച്ചത്. ഫലസ്തീന് വിഷയത്തില്‍ ഇസ്രായേലിന് പിന്തുണ നല്കുന്ന മോദിയുടെ നയമല്ല ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പീഡിതര്‍ക്കൊപ്പം നിലയുറപ്പിക്കുകയും അവരെ ചേര്‍ത്തുപിടിക്കുകയുമാണ് വേണ്ടത്. ലോക മനഃസാക്ഷി ഫലസ്തീനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
മര്‍ദകര്‍ക്കൊപ്പം നില്ക്കുന്ന നയമാണ് ഇന്ത്യൻ ഭരണകൂടത്തിന്റേതെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫലസ്തീന് ജനത നിരന്തരം പീഡിപ്പിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ഒരു പ്രതികരണവും ഇന്ത്യാ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മുമ്പുകാലത്ത് ഇതായിരുന്നില്ല രാജ്യത്തിന്റെ നിലപാട്. മനുഷ്യത്വം മരവിക്കുന്ന ക്രൂരതകളാണ് ഇസ്രായേല്‍ കാണിക്കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു.
ഫലസ്തീന് അംബാസഡർ അദ്നാൻ അബുൽ ഹൈജയുടെ സന്ദേശം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായില്‍ വായിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ അസിസ്റ്റന്റ് സെക്രട്ടറി സി.കെ. സുബൈർ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, അഷ്റഫ് എടനീര്‍, സെക്രട്ടറിമാരായ സി.കെ. മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം. ജിഷാന്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, അഹമ്മദ് പുന്നക്കൽ, കെ.കെ. നവാസ്, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന് കോയ, ശരീഫ് കുറ്റൂർ, സഹീർ ആസിഫ്, റിയാസ് നാലകത്ത് എന്നിവർ സംസാരിച്ചു. കനത്ത മഴയെ അവഗണിച്ച് ആയിരത്തിലധികം പ്രവർത്തകർ വലയത്തിൽ കണ്ണികളായി. പ്ലക്കാർഡും പന്തവും കൈയിലേന്തിയാണ് പ്രവർത്തകർ വലയത്തിൽ അണിനിരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

