മാനാഞ്ചിറയിലെ വെള്ളക്കെട്ട്; മണ്ണുനീക്കൽ തുടങ്ങി
text_fieldsമാനാഞ്ചിറയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ലൈബ്രറിക്കു മുന്നിലെ ഓവുചാൽ വൃത്തിയാക്കൽ ആരംഭിച്ചപ്പോൾ
കോഴിക്കോട്: മാനാഞ്ചിറയിൽ സ്പോർട്സ് കൗൺസിൽ കെട്ടിടത്തിനുമുന്നിലെ വെള്ളക്കെട്ട് തടയാനുള്ള മണ്ണെടുക്കൽ ആരംഭിച്ചു. ഇന്റർലോക്ക് മാറ്റി മണ്ണുനീക്കാൻ ബുധനാഴ്ച കോർപറേഷൻ എൻജിനീയർമാർ നടത്തിയ പരിശോധനയെത്തുടർന്ന് തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച നടന്ന പരിശോധനയിൽ ഓവുചാലിന്റെ കിഴക്കേ ഭാഗം മാനാഞ്ചിറ സ്ക്വയറിനകം വഴി ക്രോസ് ചെയ്ത് ബി.ഇ.എം സ്കൂൾ ഭാഗത്തേക്ക് പോവുന്നതായി കണ്ടെത്തി. ഇതോടെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഓടയിലെ മണ്ണുനീക്കിക്കഴിഞ്ഞിട്ടും വെള്ളം പോകുന്നില്ലെങ്കിൽ മാനാഞ്ചിറ സ്ക്വയറിനകത്ത് കിളച്ച് ഓട വൃത്തിയാക്കേണ്ടിവരുമെന്ന് കൗൺസിലർ എസ്.കെ. അബൂബക്കർ അറിയിച്ചു.
മാനാഞ്ചിറ മൈതാനത്തിന് അകത്തുകൂടി ബി.ഇ.എമ്മിനടുത്തേക്കുള്ള ഓവുചാലിലാണ് കിളക്കേണ്ടിവരുക. അവിടെനിന്ന് സി.എച്ച് മേൽപാലം വഴി ടാഗോർ ഹാളിനു പിറകിലൂടെയാണ് ഓട ബീച്ചിലെത്തുന്നത്. മാനാഞ്ചറയിൽ മൈതാനത്തിനകത്തുള്ള ഓട വൃത്തിയാക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം വലിയങ്ങാടി, മാവൂർ റോഡ്, കോർട്ട് റോഡ്, രാജാജി റോഡ് എന്നിവിടങ്ങളിലെ ഓടകളിൽനിന്ന് മണ്ണുനീക്കാൻ അടിയന്തരമായി അഞ്ചുലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ ഡെപ്യൂട്ടി മേയർക്കും ആരോഗ്യ വകുപ്പിനും കത്ത് നൽകി. നിലവിൽ 50,000 രൂപയാണ് ഓരോ വാർഡിനും ഓട വൃത്തിയാക്കാൻ അനുവദിച്ചത്. നഗര മധ്യത്തിലുള്ള വലിയങ്ങാടി വാർഡിന് അധിക തുക ആവശ്യമാണെന്നാണ് കൗൺസിലറുടെ ആവശ്യം. സ്പോർട്സ് ക്ലബ് ഹാളിനടുത്ത് നിന്ന് ലൈബ്രറി ജങ്ഷൻ വരെയാണ് വ്യാഴാഴ്ച ഓടയിലെ മണ്ണുനീക്കിയത്. മണ്ണുനീക്കൽ വെള്ളിയാഴ്ച തുടരും. കോമൺവെൽത്ത് ഫാക്ടറിക്കടുത്തുള്ള മാനാഞ്ചിറ സ്ക്വയറിന്റെ കവാടം വരെ ഇൻർലോക്ക് നീക്കി മണ്ണുമാറ്റിയശേഷവും തടസ്സം നീങ്ങിയില്ലെങ്കിൽ ടൗൺഹാളിനടുത്തേക്കും കിഴക്ക് മൈതാനത്തിനകം വഴി ബി.ഇ.എമ്മിനടുത്തേക്കുമുള്ള ഓടകളിലെ മണ്ണുനീക്കാനാണ് തീരുമാനം. ടൗൺഹാൾ, റെയിൽവേ ലൈൻ വഴി കല്ലായിയിലേക്കാണ് ഓടയുടെ പടിഞ്ഞാറുഭാഗം ഒഴുകുന്നത്. മാനാഞ്ചിറ റോഡിൽ ചെറിയ മഴ വരുമ്പോഴേക്കും വെള്ളക്കെട്ടുണ്ടാവുന്നത് വ്യാപക പരാതിയുയർത്തിയതിനെ തുടർന്നാണ് കോർപറേഷൻ മണ്ണുനീക്കി വൃത്തിയാക്കാൻ തീരുമാനിച്ചത്. കോർപറേഷൻ എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓടയിൽ പരിശോധന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

