മലാപറമ്പ് ദേശീയപാത വികസനം; പലയിടങ്ങളിൽ രണ്ടുദിവസം കുടിവെള്ളം മുടങ്ങും
text_fieldsമലാപറമ്പ് ജങ്ഷനിൽ പൈപ്പ് ലൈൻ പ്രവൃത്തി പുരോഗമിക്കുന്നു
കോഴിക്കോട്: മലാപറമ്പ് ജങ്ഷനിലെ കുടിവെള്ളപൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനാൽ ജില്ലയുടെ പല ഭാഗങ്ങളിലും വീണ്ടും കുടിവെള്ള വിതരണം മുടങ്ങും. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മലാപറമ്പ് ജങ്ഷനിൽ ജെയ്ക പദ്ധതിയുടെ പ്രധാന വിതരണ പൈപ്പ് റോഡിന്റെ വശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിക്കായാണ് രണ്ടുദിവസം കുടിവെള്ളം മുടങ്ങുക. വെള്ളിയാഴ്ച അർധരാത്രി മുതൽ ഞായറാഴ്ച അർധരാത്രി വരെ ജലഅതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാല അടക്കും.
കോഴിക്കോട് കോർപറേഷൻ, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി, തുറയൂർ, അരിക്കുളം പഞ്ചായത്തുകളിലും ഫറോക്ക് നഗരസഭയിലും ജലവിതരണം പൂർണമായും മുടങ്ങും.
ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം പൂർവസ്ഥിതിയിലാവാൻ പിന്നെയും ദിവസങ്ങളെടുക്കും. ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു. ജെയ്ക പദ്ധതിയുടെ കുടിവെള്ള പൈപ്പ് മലാപറമ്പ് ജങ്ഷനു സമീപം റോഡിന്റെ മധ്യഭാഗത്തുകൂടി പോകുന്നതിനാൽ രണ്ടാഴ്ചമുമ്പ് അത് വശത്തേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. നിലവിലെ റോഡ് കുഴിച്ചാണ് അടിപ്പാത നിർമാണമെന്നതിനാൽ 200 മീറ്ററോളം നീളത്തിലാണ് പൈപ്പ് വശങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചത്.
പഴയ പൈപ്പ് ലൈനും പുതിയ പൈപ്പ് ലൈനും ബന്ധിപ്പിക്കുന്ന പ്രവൃത്തിയാണ് നടക്കാനുള്ളത്. ഇതിനായി മാറ്റിസ്ഥാപിച്ച പൈപ്പിൽ വെള്ളം നിറച്ച് 24 മണിക്കൂറോളം പരീക്ഷണം നടത്തിയിരുന്നു. മാർച്ച് 17, 18 തീയതികളിൽ പ്രവൃത്തി നടത്താൻ അനുവാദം തേടി ദേശീയപാത അധികൃതർ ജല അതോറിറ്റിയെ സമീപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീളുകയായിരുന്നു. വേങ്ങേരി ജങ്ഷനിലെ ജെയ്ക പദ്ധതിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് കഴിഞ്ഞ നവംബർ അഞ്ചുമുതൽ എട്ടുവരെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാല അടച്ചിരുന്നു. കുടിവെള്ളളം എത്തുമെന്ന് അറിയിച്ച സമയത്ത് വെള്ളമെത്താതിരുന്നതിനാൽ അന്ന് ജനങ്ങൾ ഏറെ ദുരിതമനുഭവിച്ചിരുന്നു. കോർപറേഷനും ഗ്രാമപഞ്ചായത്തുകളും ബദൽ സംവിധാനങ്ങൾ ഒരുക്കിയത് ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

