ജലവിതരണ പൈപ്പ് പൊട്ടി; കുടിവെള്ളം മുട്ടി
text_fieldsചെത്തുകടവ് കുരിക്കത്തൂർ റോഡിൽ ശിവഗിരിയിൽ ജലവിതരണ പൈപ്പ് പൊട്ടിയ നിലയിൽ
കുന്ദമംഗലം: പഞ്ചായത്തിലെ ചെത്തുകടവ് കുരിക്കത്തൂർ റോഡിൽ ശിവഗിരിയിൽ ജലവിതരണ പൈപ്പ് പൊട്ടിയതോടെ കുടിവെള്ളം മുട്ടി ദുരിതത്തിലായി നിരവധ കുടുംബങ്ങൾ. ചെത്തുകടവ് കുരിക്കത്തൂർ റോഡിന്റെ പുനർനിർമാണം നടന്നുവരുകയാണ്.
ഇതിന്റെ ഭാഗമായി ശിവഗിരിയിൽ റോഡിലെ കയറ്റം കുറക്കുന്നതിന്റെ പ്രവൃത്തി നടക്കുന്നതിനിടയിലാണ് റോഡിന് കുറുകെയുള്ള പ്രധാന പൈപ്പ് പൊട്ടിയത്. ദിവസങ്ങൾക്കുമുമ്പ് പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനായി ജലവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടെങ്കിലും ഇതുവരെ പ്രശ്നത്തിന് പരിഹാരം കാണാനായില്ലെന്ന് നാട്ടുകാർ പറയുന്നു.
ജലവിതരണം മുടങ്ങിയതോടെ കുന്ദമംഗലം പഞ്ചായത്തിലെ 12,14 വാർഡുകളിലെ കുടുംബങ്ങളാണ് പ്രയാസലത്തിലായത്. വേനൽ കനത്തതോടെ പല വീടുകളിലും കിണറുകൾ വറ്റിവരണ്ട സ്ഥിതിയാണ്. ജൽജീവൻ പദ്ധതി വന്നതോടെ പ്രാദേശിക കുടിവെള്ള പദ്ധതികളും ഏറക്കുറെ നിലച്ച മട്ടാണ്. അതേസമയം പ്രശ്നം ശ്രദ്ധയിൽപ്പെട്ടെന്നും അടുത്ത ദിവസം തന്നെ പരിഹരിക്കുമെന്നും ജലവകുപ്പ് അധികൃതർ പറഞ്ഞു.