റോഡിലെ വെള്ളക്കെട്ടിന് പരിഹാരം തേടി സ്കൂൾ വിദ്യാർഥിനി
text_fieldsകുന്ദമംഗലം: റോഡിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനട പോലും ചെയ്യാനാവാത്തതിന് പരിഹാരം തേടി സ്കൂൾ വിദ്യാർഥിനി. സ്വന്തം വീട്ടിലേക്ക് വഴിനടക്കാനുള്ള പ്രയാസത്തിന് പരിഹാരം തേടി കാരന്തൂർ മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി, കുയ്യിൽതൊടുകയിൽ മുഹമ്മദ് അലിയുടെ മകൾ ഫഹ്മിദയാണ് കലക്ടർക്ക് നിവേദനം നൽകിയത്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പതിമംഗലം അങ്ങാടിക്കടുത്ത് പാലുമണ്ണിൽ കോയാമു ഹാജി റോഡിലെ വെള്ളക്കെട്ടാണ് പ്രദേശത്തുകാർക്ക് നടന്നുപോകുന്നതിനോ വാഹനം ഓടിക്കുന്നതിനോ പറ്റാത്ത അവസ്ഥയിലുള്ളത്.
പ്രദേശത്തെ ഒരു വീട്ടമ്മ മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലാണെന്നും കളൻതോട് എം.ഇ.എസ് കോളജിൽ പഠിക്കുന്ന സഹോദരിക്കും മഞ്ഞപ്പിത്തരോഗമുണ്ടായിരുന്നതായും ഇനിയും കെട്ടിനിൽക്കുന്ന വെള്ളത്തിൽ ചവിട്ടിയുള്ള യാത്ര രോഗം പരത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികളെന്നും പരാതിയിലുണ്ട്.
പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, എം.എൽ.എ, വാർഡ് മെംബർ എന്നിവർക്ക് പരാതി നൽകിയിട്ടും വെള്ളക്കെട്ടിന് പരിഹാരമുണ്ടായിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
