പാഴ്വസ്തുക്കളും ആക്രിസാധനങ്ങളും ഉപയോഗിച്ച് "വേസ്റ്റ് വണ്ടർ പാർക്ക്'
text_fieldsകോർപറേഷൻ ഓഫിസിനു പിന്നിൽ ഒരുക്കിയ 'വേസ്റ്റ് വണ്ടർ പാർക്ക്'
കോഴിക്കോട്: ആക്രിസാധനങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും മറ്റും കൂട്ടിയിട്ട് മാലിന്യക്കുന്നായി മാറിയ ഒരിടം മനോഹരമായ പാർക്കായി മാറ്റുന്ന തിരക്കിലാണ് കോഴിക്കോട് കോർപറേഷൻ അധികൃതർ. മറ്റെവിടെയുമല്ല, കോർപറേഷൻ ഓഫിസിനു പിന്നിൽ മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് വേസ്റ്റ് വണ്ടർ എന്ന പേരിൽ പാർക്ക് ഒരുങ്ങുന്നത്. മണ്ണും മറ്റ് മാലിന്യങ്ങളുമൊക്കെ നീക്കി കൂമ്പാരത്തിലെ പാഴ് വസ്തുക്കൾ തന്നെ ഉപയോഗിച്ചാണ് പാർക്ക് നിർമിക്കുന്നത്. ഒരാഴ്ചയോളമായി പണി പുരോഗമിക്കുകയാണ്. കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവ്വർ റഹ്മാന്റെ നേതൃത്വത്തിലാണ് പാർക്കിന്റെ പണി നടക്കുന്നത്.
ഉപയോഗ ശൂന്യമായ ഉന്തുവണ്ടി, കുട്ടികൾ ഉപേക്ഷിച്ചു പോയ റോബോട്ട്, പലതരം ആക്രിസാധനങ്ങൾ, കുപ്പികൾ, ബൈക്ക്. തുരുമ്പെടുത്ത ഫ്രിഡ്ജ്, പഴയ ബൾബ്, കമാനങ്ങൾ എന്നിവയൊക്കെയാണ് പെയിന്റടിച്ച് മനോഹരമാക്കി ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. റോഡരികിൽ ആളുകൾ ഉപേക്ഷിച്ചുപോയ മദ്യക്കുപ്പികൾ കഴുകി വൃത്തിയാക്കി അലങ്കാരവസ്തുക്കളാക്കി മാറ്റി. ബോട്ടിലുകളും ടിന്നുകളുമൊക്കെ ചെടിച്ചട്ടികളായും മാറ്റി. കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളിൽനിന്ന് ഉപയോഗിക്കുന്ന സാധനങ്ങൾ തരംതിരിച്ചെടുക്കുകയായിരുന്നു.
മാലിന്യമുക്ത നഗരം എന്ന കാമ്പയിന്റെ ഭാഗമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നിർദേശമുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. എല്ലാം പുനരുപയോഗ സാധ്യതയുള്ളതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഹെൽത്ത് സൂപ്പർവൈസർ ദിലീപ് പറയുന്നു. സ്ഥലമുണ്ടെങ്കിൽ കുട്ടികൾക്കായി ഊഞ്ഞാലും ഓപൺ ജിമ്മും ഒരുക്കും. ആളുകൾക്ക് നിശ്ചിത സമയം വരെ വന്നിരിക്കാൻ സാധിക്കുന്ന രീതിയിൽ മാറ്റം വരുത്താനും ആലോചനയുണ്ട്. പാർക്കിൽ തണലിനായി മരംവെക്കുന്ന കാര്യം ആലോചനയിലുണ്ട്. ഇരിക്കാനായി പുൽത്തകിടിയും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

