വാർഡ് പുനർനിർണയ കമീഷൻ ഹിയറിങ്; ആദ്യ ദിവസം പരിഗണിച്ചത് 1068 പരാതികൾ
text_fieldsകോഴിക്കോട്: ജില്ലയിലെ പഞ്ചായത്ത്, നഗരസഭകളിലെ കരട് വാര്‍ഡ് പുനർനിർണയ നിർദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമീഷന്റെ കോഴിക്കോട് ജില്ലതല ഹിയറിങ് വ്യാഴാഴ്ച തുടങ്ങി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങ്ങിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറും ഡീലിമിറ്റേഷൻ ചെയർമാനുമായ എ. ഷാജഹാൻ പരാതികൾ കേട്ടു.
കമീഷന് നേരിട്ടും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് മുഖേനയും സമര്‍പ്പിച്ച പരാതിക്കാരെയാണ് കമീഷൻ നേരില്‍ കേട്ടത്. 1954 പരാതികളാണ് ജില്ലയില്‍നിന്ന് കമീഷന്റെ പരിഗണനയിലുള്ളത്. ആദ്യദിവസം 1068 പരാതികൾ പരിഗണിച്ചു. ഇതിൽ നേരിട്ട് ഹാജരായ മുഴുവൻ പരാതിക്കാരെയും ചെയർമാൻ നേരിൽ കേട്ടു.
രാവിലെ ഒമ്പതു മുതല്‍ തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, കോഴിക്കോട് കോര്പറേഷന്, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള പരാതികളാണ് കേട്ടത്. 11മുതല്‍ വടകര, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകള്‍, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പരാതികളും രണ്ടു മുതല്‍ കൊടുവള്ളി, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള പരാതികളും പരിഗണിച്ചു. എല്ലാ ജില്ലകളിലെയും സിറ്റിങ് കഴിഞ്ഞതിനു ശേഷം കമീഷന്റെ ഫുൾ സിറ്റിങ്ങിനു ശേഷമാണു വാർഡ് പുനർനിർണയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
ഫെബ്രുവരി 14ന് രാവിലെ ഒമ്പതു മുതല്‍ ബാലുശ്ശേരി, പന്തലായനി, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴില്‍ വരുന്ന പഞ്ചായത്തുകളിലെയും 11 മുതല്‍ കോഴിക്കോട്, കുന്ദമംഗലം ബ്ലോക്കിനു കീഴിലെ പഞ്ചായത്തുകള്‍, രാമനാട്ടുകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും ഉച്ച രണ്ടു മുതല്‍ മേലടി, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെയും പരാതികൾ പരിഗണിക്കും.
ഹിയറിങ്ങിൽ ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറി ജോസ്ന മോൾ, കലക്ടറുടെ ചുമതലയുള്ള എ.ഡി.എം സി. മുഹമ്മദ് റഫീഖ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

