വോട്ടവകാശത്തിൽ ആശയകുഴപ്പം; ജില്ല പഞ്ചായത്ത് യോഗം സ്തംഭിച്ചു
text_fieldsകോഴിക്കോട്: പഞ്ചായത്ത് രാജ് നിയമത്തിൽ അംഗങ്ങളുടെ വോട്ടവകാശം സംബന്ധിച്ച ആശയകുഴപ്പത്തിൽ കൗൺസിൽ സ്തംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച സർക്കാർ മറുപടി പിൻവലിക്കണമെന്നും വിഹിതം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് യോഗത്തിലെ പ്രതിപക്ഷ പ്രമേയ ചർച്ചയാണ് സ്തംഭനത്തിലേക്ക് നയിച്ചത്.
പഞ്ചായത്ത് രാജ് നിയമം സംബന്ധിച്ച തർക്കത്തിൽ പ്രമേയം വോട്ടിനിടാൻ തീരുമാനിച്ചതോടെയാണ് നിയമത്തിലെ ആശയക്കുഴപ്പം അംഗങ്ങളെയും ജില്ല പഞ്ചായത്ത് സെക്രട്ടറിയെയും കുഴക്കിയത്. പദ്ധതി വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന കെ.കെ.ദിനേശന്റെ പ്രമേയം വോട്ടിനിടാൻ തീരുമാനിച്ചപ്പോൾ ആർക്കൊക്കെ വോട്ടവകാശം എന്നതു സംബന്ധിച്ചാണ് തർക്കം ഉയർന്നത്. ജില്ല പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്കും വോട്ട് അവകാശമുണ്ടെന്ന് ഡോ. കെ.കെ.ഹനീഫയും കെ.കെ. ദിനേശനും സി.എം. യശോദയുടെയും സർക്കുലർ ഉദ്ധരിച്ച് പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എക്സ് ഒഫിഷ്യോ അംഗങ്ങളാണെന്നും അവർക്ക് വോട്ടില്ലെന്നും യു.ഡി.എഫ് അംഗങ്ങളായ രാജേഷ് ജോസ് മാസ്റ്റർ, പി.ജി.മുഹമ്മദ്, മിസ്ഹബ് കീഴരിയൂർ, ആർ.ഷഹീൻ, ടി.കെ. സിബി തുടങ്ങിയവർ വാദിച്ചു. അതിനിടയിൽ പ്രമേയം സംബന്ധിച്ച ചർച്ചക്കു വൈസ് പ്രസിഡന്റ് കെ.കെ.നവാസ് മറുപടി പറഞ്ഞു. നേരത്തെ പിണറായി സർക്കാർ പദ്ധതി വിഹിതമായി വലിയ തുക പ്രഖ്യാപിച്ചെങ്കിലും അതു മുഴുവൻ ലഭിച്ചിട്ടില്ലെന്നും വി.ഡി.സതീശൻ സർക്കാർ പ്രഖ്യാപിച്ച തുക നേരത്തേ ലഭിച്ച തുകയെക്കാൾ കൂടുതലാണെന്നും കണക്കുകൾ ഉദ്ധരിച്ച് പ്രമേയത്തെ എതിർത്തു. ഈ സാഹചര്യത്തിൽ പ്രമേയം പിൻവലിക്കാൻ ദിനേശൻ തയാറുണ്ടോ എന്നു പ്രസിഡന്റ് മില്ലി മോഹൻ ചോദിച്ചു. പ്രമേയത്തിൽ ഉറച്ചു നിൽക്കുന്നതായി ദിനേശൻ പറഞ്ഞതോടെ വോട്ടിനിടാൻ തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റിന് വോട്ട് അവകാശം സംബന്ധിച്ച തർക്കത്തിനു ഡോ. കെ.കെ. ഹനീഫ തിരികൊളുത്തിയതോടെ ഏറെ നേരം ബഹളമായി. സെക്രട്ടറി വി.കെ. മുരളി കാര്യങ്ങൾ വ്യക്തമാക്കട്ടെ എന്ന അഭിപ്രായത്തിൽ ഇരു കൂട്ടരും യോജിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് വോട്ട് അവകാശം ഉണ്ടെന്നു ഡോ. കെ.കെ.ഹനീഫ പറഞ്ഞത് ശരിവെക്കും വിധം സെക്രട്ടറി വിശദീകരണം നൽകി. ഇതോടെ വീണ്ടും ബഹളമായി. അങ്ങനെ വെറുതേ പറഞ്ഞാൽ പോരാ, ആക്ടും സർക്കുലറും കാണിക്കണമെന്നു മിസ്ഹബ് കീഴരിയൂരും പി.ജി. മുഹമ്മദും രാജേഷ് ജോസ് മാറ്റ്ററും ആർ. ഷഹീനും ആവശ്യപ്പെട്ടു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റീമ കുന്നുമ്മൽ വകുപ്പുകൾ വായിച്ച് ബ്ലോക്ക് പ്രസിഡന്റുമാർക്ക് വോട്ടവകാശമില്ലെന്ന് വാദിച്ചു.
അവസാനം പ്രമേയം വോട്ടിനിടുകയാണെന്നും അതിൽ ജില്ല പഞ്ചായത്ത് അംഗങ്ങൾ മാത്രം വോട്ട് ചെയ്താൽ മതിയെന്നുമുള്ള പ്രസിഡന്റിന്റെ നിർദേശത്തോട് എല്ലാവരും യോജിച്ചു. പ്രമേയം 13 നെതിരെ 15 വോട്ടുകൾക്കു തള്ളി പ്രമേയ ചർച്ചക്ക് വിരാമമിട്ടു.
സെൽഫ് മാർക്കറ്റിങ് വേണ്ട... അംഗങ്ങൾക്ക് മാർഗനിർദേശം വേണം
സാമൂഹിക നീതി വകുപ്പിന്റെ നേത്യത്വത്തിൽ വീൽ ചെയർ നൽകുന്നതിന് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് സ്വന്തം ഫോട്ടോ പതിച്ച് പരസ്യം നൽകിയത് കെ.കെ. ദിനേശനും കെ.കെ.ഹനീഫയും ചോദ്യം ചെയ്യുകയും എല്ലാ അംഗങ്ങൾക്കും ഇതു ചെയ്യാൻ അനുമതി ഉണ്ടോ എന്നും ചോദ്യമുന്നയിച്ചു. തന്റെ ഡിവിഷനിലേക്ക് മാത്രമാണ് താൻ ഫോട്ടോ വെച്ച് പ്രചാരണം നടത്തിയതെന്നും ചിലർ പരിചയള്ളവർക്ക് കൈമാറുകയായിരുന്നുവെന്നും മുനീർ എരവത്ത് പറഞ്ഞു. അംഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം വേണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ആരോഗ്യം,ക്ഷേമം, വിദ്യാഭ്യാസം എന്നീകാര്യങ്ങളിൽ മത്സരാധിഷ്ഠിത രീതിയിൽ അംഗങ്ങൾ സേവനതൽപരരായി പ്രവർത്തിക്കണമെന്ന് ഭരണപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
റിവിഷൻ നടത്താൻ അംഗങ്ങളുടെ സമ്മതം നിർബന്ധമാക്കി
പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തുന്നതിന് മുമ്പ് അംഗങ്ങളുമായി സംസാരിക്കണമെന്നും അംഗങ്ങളുടെ സമ്മതപത്രം നിർബന്ധമായി വാങ്ങണമെന്നും പി.ജി. മുഹമ്മദ് ആവശ്യപ്പെട്ടു. കരാറുകാരും എൻജിനീയർമാരും മാത്രം കാര്യങ്ങൾ തീരുമാനിക്കുന്നതുമൂലം ഖജനാവിന് നഷ്ടം വരുന്നുവെന്ന് അംഗങ്ങൾ അറിയിച്ചതിനെത്തുടർന്ന് റിവിഷൻ തുക വകയിരുത്താൻ അംഗങ്ങളുടെ സമ്മത പത്രം നിർബന്ധമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

