വോട്ടുയന്ത്രങ്ങൾ ജെ.ഡി.ടിയിലെ സ്ട്രോങ് റൂമുകളിൽ സുരക്ഷിതം
text_fieldsകോഴിക്കോട്: 20 ലക്ഷത്തിൽപരം വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ വോട്ടുയന്ത്രങ്ങള്‍ വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്ട്രോങ് റൂമുകളിലെത്തിച്ചു. 37 ദിനരാത്രങ്ങൾ ഇവ പൊലീസ് കാവലിൽ ഇവിടെ ഭദ്രമാകും.
ജില്ലയിലെ 13 മണ്ഡലങ്ങള്‍ക്ക് പുറമെ, വടകര നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിലും പോളിങ്ങിനായി ഉപയോഗിച്ച വിവിപാറ്റ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളാണ് സ്ട്രോങ് റൂമുകളിലുള്ളത്. പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വോട്ടുയന്ത്രങ്ങളും അനുബന്ധ രേഖകളും ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പരിശോധിച്ചശേഷം അവ പ്രത്യേക മുറികളിലേക്ക് മാറ്റി.
പോളിങ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഇ.വി.എമ്മുടെ നീക്കം ശനിയാഴ്ച രാവിലെവരെ തുടര്‍ന്നു. അരക്കും തുണിയും ഉപയോഗിച്ച് മുറികളുടെ പൂട്ടുകള്‍ സീല്‍ ചെയ്യുകയും മരപ്പലക അടിച്ച് കൂടുതല്‍ ഭദ്രമാക്കുകയും ചെയ്തു. സംസ്ഥാന പൊലീസിന് പുറമെ സി.എ.പി.എഫ് കമാൻഡോകളും ഉള്‍പ്പെടുന്ന ശക്തമായ സുരക്ഷയാണ് രണ്ടു മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായ ജെ.ഡി.ടി ഹയര്‍ സെക്കൻഡറി സ്കൂളിന് ഒരുക്കിയത്.
ഈ ഭാഗങ്ങളിൽ പ്രത്യേക പൊലീസ് പട്രോളിങ്ങും ഉറപ്പുവരുത്തിയതായി പൊലീസ് അറിയിച്ചു. രണ്ടുതലങ്ങളിലുള്ള സുരക്ഷ സംവിധാനമാണ് സ്ട്രോങ് റൂമുകള്‍ക്ക് പുറത്തുണ്ടാവുക. ആദ്യ സുരക്ഷാവലയം സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സും പുറമെയുള്ള സുരക്ഷ സംസ്ഥാന ആംഡ് പൊലീസും ഒരുക്കും. സ്ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോങ് റൂം തുറക്കുകയെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
പോളിങ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധപ്പെട്ട പോളിങ് രേഖകളുടെ സൂക്ഷ്മപരിശോധന വരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കേന്ദ്ര നിരീക്ഷകരുടെയും പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ പൂര്‍ത്തിയാക്കിയതായി ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ശീതള്‍ ജി. മോഹന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

