വോട്ടുയന്ത്രങ്ങളുടെ ക്രമീകരണ പ്രക്രിയക്ക് തുടക്കം
text_fieldsതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങൾ പഞ്ചായത്തുകളിലേക്ക് മാറ്റുന്നതിനായി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ നമ്പർ
വേർതിരിച്ചെടുക്കുന്ന ഉദ്യോഗസ്ഥർ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കം. പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലേയും കൊയിലാണ്ടി, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലേയും കമീഷനിങ്ങാണ് ആരംഭിച്ചത്. പേരാമ്പ്ര ബ്ലോക്കിലെ സ്വീകരണ-വിതരണ കേന്ദ്രമായ പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വോട്ടിങ് യന്ത്ര കമീഷനിങ് പ്രക്രിയ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശിച്ചു.
വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ വോട്ടുയന്ത്രത്തില്‍ ബാലറ്റ്പേപ്പര്‍ ക്രമീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ല കലക്ടര്‍ വിലയിരുത്തി. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയനും സന്നിഹിതയായിരുന്നു. കോഴിക്കോട് കോർപറേഷനിലെ വോട്ടിങ് യന്ത്ര കമീഷനിങ്, വിതരണ കേന്ദ്രമായ നടക്കാവ് സ്കൂളില്‍ ശനിയാഴ്ച നടക്കും.
തൂണേരി, കുന്നുമ്മല്‍, ബാലുശ്ശേരി, പന്തലായനി, കുന്ദമംഗലം, തോടന്നൂര്‍ ബ്ലോക്കുകളിലും വടകര, പയ്യോളി, കൊടുവള്ളി, ഫറോക്ക്, മുക്കം മുനിസിപ്പാലിറ്റികളിലും യന്ത്ര കമീഷനിങ്ങും ശനിയാഴ്ച നടക്കും. ഡിസംബര്‍ ഏഴോടെ ജില്ലയിലെ കമീഷനിങ് പ്രക്രിയ പൂര്‍ത്തിയാകുമെന്ന് ജില്ല തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബര്‍ 10ന് ആണ് വോട്ടുയന്ത്രങ്ങള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുക. അതുവരെ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

