കൂട്ടത്തോടെ വോട്ട് തള്ളൽ; തെരഞ്ഞെടുപ്പ് ഫയലുകൾ കണ്ടെത്താനായില്ല, ഡെപ്യൂട്ടി ഡയറക്ടർ നഗരസഭയിൽ പരിശോധനക്കെത്തി
text_fieldsകൊടുവള്ളി: കൂട്ടത്തോടെ വോട്ട് തള്ളിയ കൊടുവള്ളി നഗരസഭയിൽ വോട്ടർമാർ ജില്ല കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് നഗരസഭയിൽ പരിശോധനക്കെത്തി. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് ജില്ല കലക്ടറുടെ നിർദേശപ്രകാരം പരിശോധനക്കെത്തിയത്. അസി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറായ നഗരസഭ അസി. സെക്രട്ടറി പി. സിന്ധുവിനോട് ഫയലുകൾ ആവശ്യപ്പെട്ടു.
സെക്രട്ടറിയുടെ ഓഫിസ് പരിശോധിച്ചെങ്കിലും വോട്ടർ പട്ടിക പുതുക്കൽ ഫോറങ്ങളും മറ്റു രേഖകളും ഉൾപ്പെട്ട ഫയലുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇക്കാര്യത്തിലുള്ള നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും ബോധ്യപ്പെട്ടു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉൾപ്പെടെയുള്ളവരിൽനിന്നും ഓഫിസ് ജീവനക്കാരിൽനിന്നും ഡെപ്യൂട്ടി ഡയറക്ടർ വിവരങ്ങൾ ചോദിച്ചുമനസ്സിലാക്കുകയും ചെയ്തു.
തുടർന്ന് കൊടുവള്ളി നഗരസഭയിലെ 37 വാർഡുകളിൽനിന്നും വിവിധ അപേക്ഷകർ ഒപ്പിട്ടു സമർപ്പിച്ച മുഴുവൻ അഞ്ച്, 13, 14 ഫോറങ്ങളും അവ വിതരണം നടത്തിയതുമായി ബന്ധപ്പെട്ട മറ്റു രേഖകളും ബൾക്ക് ട്രാൻസ്ഫർ നടത്തിയത് സംബന്ധിച്ച നോട്ടീസും അനുബന്ധ രേഖകളും കൊടുവള്ളി നഗരസഭ ഓഫിസിലില്ലെന്നും ബൾക്ക് ട്രാൻസ്ഫർ സംബന്ധിച്ച നിയമാനുസൃതം പാലിക്കേണ്ട ഒരു നടപടിക്രമങ്ങളും പാലിച്ചിട്ടില്ല എന്നും അസി. സെക്രട്ടറി ഡി.ഡിക്ക് രേഖാമൂലം മറുപടി നൽകി. റിപ്പോർട്ടിലെ വിശദാംശങ്ങൾ ജോ. ഡയറക്ടർക്കും ജില്ല കലക്ടർക്കും കൈമാറുമെന്നും തുടർനടപടിക്കായി ശിപാർശ ചെയ്യുമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ഇലക്ഷൻ ചുമതലയുള്ള നഗരസഭ സെക്രട്ടറി ഓഫിസിലെത്തിയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. തിങ്കളാഴ്ച വോട്ടർപട്ടികയിൽനിന്ന് പുറത്തായവർ കൂട്ടത്തോടെ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയും കലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ഉത്തരവിട്ടിരുന്നു. ഇതിൽ തുടർനടപടികൾ സ്വീകരിക്കേണ്ട സെക്രട്ടറി നഗരസഭയിലെത്താത്തതിനാൽ ആളുകൾക്ക് കൃത്യമായ മറുപടി കിട്ടാത്തതിനാൽ അനിശ്ചിതത്വം തുടരുകയും നഗരസഭയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തു.
നഗരസഭയിലെ 22ഓളം വാർഡുകളിൽനിന്ന് വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുകയോ മറ്റു വാർഡുകളിലേക്ക് മാറ്റുകയോ ആണ് ചെയ്തത്. എൽ.ഡി.എഫ് ഇലക്ഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുകയായിരുന്നു എന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ക്രമക്കേട് സംബന്ധിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് യു.ഡി.എഫ് തീരുമാനം.
കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാൻ തെര. കമീഷൻ നിർദേശം
കൊടുവള്ളി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത കൊടുവള്ളി നഗരസഭ സെക്രട്ടറിയെ അടിയന്തരമായി സ്ഥലംമാറ്റാനും തുടർനടപടി സ്വീകരിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.
നഗരസഭ സെക്രട്ടറി വി.എസ്. മനോജിനെതിരെയാണ് നടപടി. നഗരസഭയിലെ വോട്ടർ പട്ടികയിൽനിന്ന് വോട്ടർമാരെ കൂട്ടത്തോടെ തള്ളിയതായുള്ള പരാതിക്ക് പിന്നാലെ സെക്രട്ടറി ദിവസങ്ങളായി ഓഫിസിൽ എത്തിയിരുന്നില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ ഉൾപ്പെടെയുള്ള ഫയലുകൾ നഗരസഭയിൽനിന്ന് കാണാനില്ലെന്ന പരാതിയെ തുടർന്ന് ഡെപ്യൂട്ടി ഡയറക്ടർ ശനിയാഴ്ച നഗരസഭ ഓഫിസിൽ എത്തുകയും പരിശോധന നടത്തുകയും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർനടപടിക്കായി കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സെക്രട്ടറിക്കെതിരായ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

