Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഷുത്തിരക്കിലമർന്ന്...

വിഷുത്തിരക്കിലമർന്ന് നഗരം; സജീവമായി വിപണി

text_fields
bookmark_border
വിഷുത്തിരക്കിലമർന്ന് നഗരം; സജീവമായി വിപണി
cancel

കോഴിക്കോട്: വിഷുവിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ തിരക്കിലമർന്ന് കോഴിക്കോട് നഗരം. വിഷുവിനോടനുബന്ധിച്ച് വസ്ത്ര, പച്ചക്കറി, പടക്ക വിപണികളെല്ലാം സജീവമാണ്. പൊള്ളുന്ന വെയിലിലും നഗരത്തിലെ മിഠായി തെരുവ്, പാളയം, മാവൂർ റോഡ് എന്നിവിടങ്ങളെല്ലാം ജനനിബിഡമായിരിക്കുന്നു. വേനലവധിയായതിനാൽ കൂട്ടിക്കൂട്ടവും വിഷു ഷോപ്പിങ്ങിനായി നഗരത്തിലെത്തുന്നുണ്ട്.

ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായുള്ള കണിയൊരുക്കത്തിനുള്ള സാധനങ്ങൾ വാങ്ങാൻ നഗരത്തിൽ വീട്ടമ്മമാരുടെ നെട്ടോട്ടമാണ്. പച്ചക്കറികൾക്കെല്ലാം വില കുതിച്ചുയർന്നിട്ടുണ്ട്. പയർ, ബീൻസ്, വെണ്ട, തക്കാളി എന്നിവക്കെല്ലാം വില കൂടി. എന്നാൽ, വില കുറഞ്ഞിട്ടും ഫ്രൂട്സ് വിൽപന കുറവാണെന്നും കടുത്ത ചൂടായതിനാൽ ആളുകൾ എത്തുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. കണിയൊരുക്കാൻ കണിവെള്ളരികൾ ധാരാളം വിപണിയിലെത്തിയിട്ടുണ്ട്. കിലോക്ക് 40 രൂപ വരെയാണ് വില. ഫെബ്രുവരിയിൽ ആരംഭിച്ച കണിവെള്ളരി കൃഷി വിളവെടുപ്പിനെ പലയിടത്തും മഴ ബാധിച്ചിരുന്നു. അതിനാൽ ലാഭം കുറവാണെന്ന് കർഷകർ പറയുന്നു.

കണിക്കൊന്നയാകട്ടെ കണികാണാൻ പോലും കിട്ടാനില്ലാത്തതിനാൽ പ്ലാസ്റ്റിക്കിലും തുണിയിലും തീർത്തതാണ് പലരും വീട്ടിലെത്തിക്കുന്നത്. മയിൽ പീലി വിൽപനയും ഇതിനിടയിൽ നടക്കുന്നുണ്ട്. നീളത്തിലുള്ള ഒരു മയിൽപീലി 20 രൂപക്കാണ് ഇതര സംസ്ഥാന തൊഴിലാളികൾ വിൽക്കുന്നത്. മയിൽപീലികൾ വൃത്താകൃതിയിൽ സെറ്റ് ചെയ്തതിന് 60 രൂപയാണ് വില. വസ്ത്ര വ്യാപാര കേന്ദ്രങ്ങളിൽ ദിവസങ്ങളായി നല്ല തിരക്കാണ്. വിഷു സ്പെഷൽ ഡിസൈൻ ധാവണികൾക്കാണ് പെൺകുട്ടികൾ എത്തുന്നത്. കുർത്ത‍യും മുണ്ടുമാണ് യുവാക്കൾക്ക് പ്രിയം. കൂടാതെ കസവ് സാരികളുടെയും ധോത്തികളുടെയും വിൽപന തകൃതിയാണ്.

കഴിഞ്ഞ വർഷത്തേക്കാളും വിൽപന ഇത്തവണയുണ്ടെന്നാണ് വസ്ത്ര വ്യാപാരികൾ പറയുന്നത്. നഗരത്തിൽ കൈത്തറി മേളകളും നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് എതിർവശം സ്റ്റേഡിയം പരിസരത്ത് നടക്കുന്ന കൈത്തറി മേളയിൽ 20 ശതമാനം സർക്കാർ റിബേറ്റോട് കൂടിയാണ് വിൽപന. ഏറ്റവും കൂടുതൽ തിരക്കുള്ള മറ്റൊരിടം പടക്ക വിപണിയാണ്. പടക്കമില്ലാത്ത വിഷു ആഘോഷം മലയാളിക്ക് ഇപ്പോൾ ചിന്തിക്കാൻ പോലുമാകില്ല. അതിനാൽ വസ്ത്ര വിപണിക്ക് മുമ്പേ സജീവമായതാണ് പടക്ക കടകൾ. വൈവിധ്യമാർന്ന പടക്കങ്ങളിൽ ഇത്തവണ ‘അഴിഞ്ഞാട്ടം ഷോട്ടി’നാണ് കൂടുതൽ ആവശ്യക്കാരുള്ളത്.

അയ്യൻ ബണ്ണി എന്ന മുയലിന്‍റെ രൂപത്തിലുള്ള ഐറ്റവും ഇത്തവണ ട്രെൻഡാണ്. മുയലിന്‍റെ വാലിന് തീകൊളുത്തിയാൽ മൂന്ന് തവണ കൂട്ടപ്പൊരിച്ചിലോടെ വർണവിസ്മയം തീർക്കും. കുട്ടികൾക്കായി കാർട്ടൂൺ പടക്കങ്ങളുമുണ്ട്. ശിവകാശിയിൽനിന്നാണ് പ്രധാനമായും പടക്കങ്ങൾ എത്തുന്നത്. ആയിരക്കണക്കിന് രൂപയാണ് ഓരോരുത്തരും പടക്ക വിപണിയിൽ പൊടിക്കുന്നത്. കടുത്ത വേനലിൽ നാട് ചുട്ടുപൊള്ളുന്നതിനാൽ കോഴിക്കോട് അടക്കം ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നതാണ് അറിയിപ്പ്. അതിനാൽ വിഷു ഷോപ്പിങ്ങിന് പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationmarketVishu festival
News Summary - Vishu Markets active
Next Story