സിനിമക്കായി ജോലി ഉപേക്ഷിച്ച വിഷ്ണുവിന്റെ സിനിമ ഐ.എഫ്.എഫ്. കെയിലേക്ക്
text_fieldsവിഷ്ണുവും സുഹൃത്തുക്കളും ചാവുകല്യാണം ലൊക്കേഷനിൽ
കോഴിക്കോട്: നാലു വർഷത്തോളം സൈന്യത്തിൽ ജോലി ചെയ്യവേ സിനിമയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശം മൂലം ജോലി ഉപേക്ഷിച്ച വിഷ്ണു ബി. ബീനയുടെ സിനിമ ‘ചാവുകല്യാണം’ അന്തർദേശീയ ചലച്ചിത്രമേളയിലേക്ക്. എം.ഇ.ജിയിലെ ജോലി ഉപേക്ഷിച്ചശേഷം ചാലക്കുടി ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠനത്തിനുശേഷം നാട്ടിലെ യു.പി സ്കൂളിൽ അധ്യാപകനായി ചേർന്നു.
ബന്ധുക്കളും സുഹൃത്തുക്കളും സിനിമ നിർമിക്കാനുള്ള സഹായവുമായെത്തിയപ്പോൾ സിനിമ നിർമിച്ചു. ജനകീയമായി നിർമിച്ച ‘ചാവുകല്യാണം’ ഐ.എഫ്.എഫ്.കെയിലെ മലയാളം സിനിമ ടുഡെ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഫാമിലി പ്രൊഡക്ഷൻസ് എന്ന കമ്പനിയുടെ പേരിൽ വിഷ്ണുവിന്റെ അമ്മയുടെ സഹോദരി അജിത ജയചന്ദ്രനാണ് നിർമാതാവ്. കോഴിക്കോട്ടെ ഒരു ഗ്രാമത്തിലെ മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ‘ചാവു കല്യാണം’ അവതരിപ്പിക്കുന്നത്. ചിത്രം പൂർണമായും ചിത്രീകരിച്ചത് ചേളന്നൂർ പട്ടർപാലം ഗ്രാമത്തിലാണ്. ചിത്രത്തിന്റെ തിരക്കഥയും വിഷ്ണുവാണ്. കമ്യൂണിസ്റ്റ് പച്ച എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിധീഷ് ഭാസ്കർ, അഭിമൽ ദിനേശ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ചീഫ് അസോസിയേറ്റ് പ്രണവ് ബാബുവാണ്.
ക്രിയേറ്റിവ് ഡയറക്ഷൻ വിഷ്ണുപ്രസാദാണ്. വിഷ്ണുവിന്റെ സുഹൃത്തും കൊൽക്കത്ത എസ്.ആർ.എഫ്.ടി.ഐ.ഐയിലെ വിദ്യാർഥിയായ ശ്രീഹരി രാധാകൃഷ്ണനാണ് ഛായാഗ്രഹണം. എസ്.ആർ.എഫ്.ടി.ഐ.ഐയിലെ ഹൃദ്യ രവീന്ദ്രനാണ് സിങ്ക് സൗണ്ട് ഒരുക്കിയത്.നിതിൻ ജോർജ് ആണ് ശബ്ദ സംവിധാനം. കാമറക്ക് മുന്നിലും പിന്നിലുമായി 36 പുതുമുഖങ്ങളാണ് ‘ചാവുകല്യാണ’ത്തിലുള്ളത്. എലത്തൂർ ചെട്ടികുളം പാലാട്ടുവയലിൽ ബാബുവിന്റെയും എ. ബീനയുടെയും മകനാണ് വിഷ്ണു ബി. ബീന. മായനാട് എ.യു.പി സ്കൂളിൽ അധ്യാപകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

