സദാചാര അക്രമം; രണ്ടു പേർകൂടി പിടിയിൽ
text_fieldsനാദാപുരം: പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര അക്രമം നടത്തിയ കേസിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. പേരോട് സ്വദേശികളായ വെള്ളാട്ട് ഹാഫിസ് (41), അരിയേരി ഷബ്നാസ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഹാഫിസ് പെരിങ്ങത്തൂരിലെ സി.പി.എം ഓഫിസ് തകർത്തത് ഉൾപെടെയുള്ള നിരവധി കേസിൽ പ്രതിയാണ്. സംഭവത്തിനിടെ യുവതിയുടെ മൊബൈൽ തട്ടിപ്പറിച്ചതും ഇയാളെന്ന് പരാതിയുണ്ട്.
ഓഫിസ് തകർത്ത കേസിൽ തലശ്ശേരി കോടതിയിൽ ഹാജരായി മടങ്ങുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം ഇരുപത്തിമൂന്നിനാണ് വീടുകയറി അക്രമം നടന്നത്. കേസിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥിയടക്കം നാലു പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതി ആക്രമണത്തിന് ശേഷം വിദേശത്തേക്ക് കടന്നതായാണ് വിവരം. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

