പെരുമാറ്റച്ചട്ട ലംഘനം: നീക്കിയത് 8000 പോസ്റ്ററുകളും ബാനറുകളും
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം നിലവിൽവന്ന് നാല് ദിവസത്തിനുള്ളിൽ ജില്ലയിൽ ചട്ടലംഘനത്തിന്റെ ഭാഗമായി നീക്കംചെയ്തത് 8,106 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും.
പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 7,715 പോസ്റ്ററുകളിലും ബാനറുകളിലും 7,694 എണ്ണം ഫ്ലയിങ് സ്ക്വാഡും ആന്റി ഡീഫേസ്മെന്റ് സ്ക്വാഡും ചേർന്ന് നീക്കംചെയ്തു. സ്വകാര്യ ഉടമസ്ഥതയിലുള്ള 419 സ്ഥലങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ചവയിൽ 412 ഉം നീക്കംചെയ്തു. ഇവയിൽ സി-വിജിൽ ആപ് വഴി ജനങ്ങൾ ശ്രദ്ധയിൽപെടുത്തിയ 862 കേസുകളും ഉൾപ്പെടുന്നു.
സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം; 100 മിനിറ്റിനുള്ളില്‍ നടപടി
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെ പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ് വഴി അറിയിക്കാം. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ് ലഭ്യമാവും.
കാമറയും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള ഏത് സ്മാര്‍ട്ട് ഫോണിലും സി-വിജില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്നരീതിയിലാണ് ക്രമീകരണം. പെരുമാറ്റച്ചട്ട ലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയിൽപെട്ടാല്‍ പരാതിക്കാരന് ആപ് വഴി ചിത്രം അല്ലെങ്കില്‍ വിഡിയോ എടുത്ത് നല്കി പരാതി രജിസ്റ്റര്‍ ചെയ്യാം. ബന്ധപ്പെട്ട ജില്ല കണ്ട്രോള് റൂമിലേക്കാണ് പരാതി നേരിട്ട് അയക്കുക.
ആപ് ഉപയോഗിച്ച് എടുക്കുന്ന ലൈവ് ഫോട്ടോ/വിഡിയോ മാത്രമേ അയക്കാന്‍ കഴിയൂ. ഏത് സ്ഥലത്തുനിന്നാണ് ഫോട്ടോ/വിഡിയോ എടുക്കുന്നതെന്ന് ആപ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാല് ഈ ഡിജിറ്റല്‍ തെളിവ് ഉപയോഗിച്ച് സ്ക്വാഡിന് സമയബന്ധിതമായി നടപടിയെടുക്കാനാവും.
ഫോണ്‍ നമ്പര്‍, ഒ.ടി.പി, വ്യക്തിവിവരങ്ങള്‍ എന്നിവ നല്കി പരാതി നൽകുന്നയാള്‍ക്ക് തുടര്‍നടപടികള്‍ അറിയാന്‍ ഒരു സവിശേഷ ഐ.ഡി ലഭിക്കും. പരാതിക്കാരന് തിരിച്ചറിയപ്പെടാതെ പരാതി നല്‍കാനുള്ള സംവിധാനവും ആപ്പിലുണ്ട്. എന്നാല്‍, ഇങ്ങനെ പരാതി നല്‍കുന്നയാള്‍ക്ക് പരാതിയുടെ തുടര്‍വിവരങ്ങള്‍ ആപ് വഴി അറിയാന്‍ സാധ്യമല്ല.
ജില്ലതലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാതെ വന്നാല്‍ വിവരങ്ങള്‍ തുടര്‍നടപടികള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നാഷനല്‍ ഗ്രീവന്‍സ് പോര്‍ട്ടലിലേക്ക് അയക്കും. 100 മിനിറ്റിനകം പരാതി നല്‍കിയയാള്‍ക്ക് വിവരം നല്‍കുകയും ചെയ്യും.
സി-വിജിലില്‍ ഫോട്ടോ/വിഡിയോ എടുത്തശേഷം അപ്ലോഡ് ചെയ്യാന്‍ അഞ്ച് മിനിറ്റ് മാത്രമേ ലഭിക്കൂ. നേരത്തേ റെക്കോഡ് ചെയ്ത ഫോട്ടോ/വിഡിയോ ആപ്പില്‍ അപ്ലോഡ് ചെയ്യാനാവില്ല. ആപ്പിലെടുത്ത ഫോട്ടോ/വിഡിയോ ഫോണ്‍ ഗാലറിയില്‍ നേരിട്ട് സേവ് ചെയ്യാനും കഴിയില്ല. തുടര്‍ച്ചയായി ഒരേ സ്ഥലത്തുനിന്ന് ഒരേ പരാതികള്‍ നല്‍കുന്നത് ഒഴിവാക്കാനും സംവിധാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

