ബസിന് വഴിമാറിക്കൊടുത്തില്ലെന്ന് പറഞ്ഞ് കാർ ഡ്രൈവറെ ആക്രമിച്ചു; ഒമ്പത് പേർക്കെതിരെ കേസ്
text_fieldsrepresentative image
വില്യാപ്പള്ളി: ടൂറിസ്റ്റ് ബസിന് വഴിമാറിക്കൊടുത്തില്ലെന്ന കാരണം പറഞ്ഞ് കാർ ഡ്രൈവറെ മർദിച്ചതായി പരാതി. വില്യാപ്പള്ളി കല്ലേരി സ്വദേശി കീഴ്താഴ അസ്ലമി(35)നാണ് മർദനമേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വടകരയിൽനിന്നും മംഗലാട്ടേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്.
ബസിെൻറ മുന്നിലുള്ള കാർ സൈഡ് നൽകാത്തതിനെ തുടർന്ന് വില്യാപ്പള്ളി ടൗണിൽവെച്ച് ബസ് കാറിനെ തടഞ്ഞ് ഡ്രൈവർ അസ്ലമിനെ വലിച്ചു പുറത്തിറക്കി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമത്തിൽ കണ്ടാലറിയാവുന്ന നാലു പേർ ഉൾപ്പടെ ഒമ്പത് പേർക്കെതിരെ വടകര പൊലീസ് കേസെടുത്തു.