ജലവിതരണ പദ്ധതി കരാറുകൾ അന്വേഷിക്കാൻ വിജിലൻസ് കോടതി നിർദേശം
text_fieldsകോഴിക്കോട്: ശുദ്ധജലവിതരണത്തിന് ജൽജീവൻ മിഷൻ പദ്ധതിയിൽ കരാർ നൽകിയതിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനൻ ഉത്തരവിട്ടു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജല പൈപ്പുകളടക്കം സ്ഥാപിക്കാൻ നൽകിയ 559 കോടിയുടെ കരാറിൽ ക്രമക്കേടുണ്ടെന്നുകാണിച്ച് അത്തോളി പഞ്ചായത്തംഗം ബൈജു കൂമുള്ളി, അഡ്വ. പി. രാജീവ്, അഡ്വ. പ്രദീപ്കുമാർ മുച്ചിലോട്ട് എന്നിവർ മുഖേന നൽകിയ ഹരജിയിലാണ് ഉത്തരവ്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് സൂപ്രണ്ടിന് പരാതി അയച്ചുകൊടുക്കാൻ നിർദേശിച്ച കോടതി പ്രാഥമികാന്വേഷണം നടത്തി ജൂലൈ മൂന്നിനകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. മാനദണ്ഡങ്ങൾ പാലിക്കാതെ ഇഷ്ടക്കാർക്കുവേണ്ടി കരാർ നൽകിയെന്നാണ് പരാതി.
ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർമാരായ പി. ഗിരീശൻ, പി. ജമാൽ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ. വിനോദൻ, ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ പി.ഐ. മുഹമ്മദ് യാസർ, എറണാകുളം മോനിപ്പള്ളി ജോസഫ് ജോൺ, മലപ്പുറം മിഡ് ലാൻഡ് എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി തുടങ്ങി ആറുപേരെയാണ് ഹരജിയിൽ എതിർകക്ഷികളാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി അനധികൃതമായി കരാർ ഉറപ്പിച്ചെന്നും മറ്റു കരാറുകാരുടേത് മതിയായ കാരണമില്ലാതെ ഒഴിവാക്കിയെന്നുമാണ് പരാതി. ജൽജീവൻ മിഷൻ രണ്ടാം ഘട്ടത്തിൽ ചാത്തമംഗലത്തും തൊട്ടടുത്ത ഏഴു പഞ്ചായത്തിലും മറ്റുമായി ജലവിതരണ പദ്ധതി നടപ്പാക്കാനുള്ള കരാർ കൊടുത്തതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.