വേങ്ങേരി ജങ്ഷൻ ഇന്ന് ഉച്ചയോടെ ഭാഗികമായി തുറക്കും
text_fieldsവേങ്ങേരി ജങ്ഷനിൽ ഗതാഗത നിരോധനത്തിന് സ്ഥാപിച്ച കോൺക്രീറ്റ് മതിലുകൾ എടുത്തുമാറ്റുന്നു
വേങ്ങേരി: ദേശീയപാത വികസനത്തിന് ഒന്നരവർഷത്തോളമായി അടച്ച വേങ്ങേരി ജങ്ഷൻ ഭാഗികമായി ഞായറാഴ്ച ഉച്ചയോടെ തുറക്കും. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ തടമ്പാട്ടുതാഴം ഭാഗത്തുനിന്ന് ബൈപാസിലേക്ക് നിർമിച്ച വി.ഒ.പി (വെഹിക്കിൾ ഓവർ പാസ്)യുടെ നിർമാണപ്രവൃത്തി പാതിഭാഗം പൂർത്തീകരിച്ചാണ് തുറന്നുകൊടുക്കുന്നത്.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മഴയും കാരണം പല തവണ നിന്നുപോയ പ്രവൃത്തിയാണ് ഏറെ വൈകി പാതി പൂർത്തിയാക്കിയിരിക്കുന്നത്. ഇനി വാഹനങ്ങൾക്ക് വേങ്ങേരി, തടമ്പാട്ടുതാഴം വഴി നഗരത്തിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും. ഞായറാഴ്ച രാവിലെയോടെ പാലത്തിന്റെ സുരക്ഷ മതിലുകൾ സ്ഥാപിച്ച് ഉച്ചയോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. വെങ്ങളം-രാമനാട്ടുകര ആറുവരി ദേശീയപാതക്ക് കുറുകെ 45 മീറ്റർ വീതിയിൽ 27 മീറ്റർ നീളത്തിലായിരുന്നു പാലം. പാതിഭാഗമായ 13.5 മീറ്റർ മീറ്റർ നീളത്തിൽ 45 മീറ്റർ വീതിയിൽ നിർമാണം നേരത്തേ പൂർത്തിയായതായിരുന്നു.
ആറുവരിയുടെ അവശേഷിക്കുന്ന പാതിഭാഗത്ത് റോഡ് താഴ്ത്തി പുതിയ പാത നിർമിക്കുന്നതിനിടയിൽ കഴിഞ്ഞ ജനുവരിയിൽ ജൽജീവൻ കുടിവെള്ള പൈപ്പിന് കേടുപാട് സംഭവിച്ചു. ഇതേത്തുടർന്ന് നിർമാണം നിർത്തിവെച്ചു. ഓവർപാസ് നിർമാണത്തിനു തടസ്സമായ ജെയ്ക പദ്ധതിയുടെ കൂറ്റൻ പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് പുതിയ പൈപ്പുകൾ എത്തിച്ചിട്ടുണ്ട്. നാലു ദിവസത്തിനുള്ളിൽ പൈപ്പ് മാറ്റുന്നതിന്റെ പ്രവൃത്തിയാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

