വെങ്ങളം-രാമനാട്ടുകര ദേശീയപാത; ടോൾപിരിവ് അടുത്തമാസം ആദ്യം
text_fieldsദേശീയപാതയിൽ പന്തീരാങ്കാവിലുള്ള ടോൾ പ്ലാസ
കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര ദേശീയപാതയിലെ ടോൾപിരിവ് അടുത്തമാസം ആരംഭിക്കും. ഫാസ്റ്റ്ടാഗ് പ്രവർത്തിക്കുന്നുണ്ടോയെന്നുറപ്പ് വരുത്തുന്നതിനായി ട്രയൽ റൺ ഈ ആഴ്ച നടത്തും. ഇവ വിജയകരമായാൽ ഉടൻതന്നെ ടോൾപിരിവ് ആരംഭിക്കാനാണ് ദേശീയപാത അതോറിറ്റി തീരുമാനം. ഡൽഹി ആസ്ഥാനമായുള്ള റൻജൂർ എന്ന കമ്പനിക്കാണ് ടെൻഡർ നൽകിയത്. 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്കുള്ള 300 രൂപയുടെ പാസ് ടോൾപ്ലാസയിൽനിന്ന് ലഭിക്കും. ട്രയൽ റൺ നടത്തുന്ന ദിവസങ്ങളിലായിരിക്കും പാസ് വിതരണം ചെയ്യുക. അതിന് 20 കിലോമീറ്റർ പരിധിയിലുള്ള താമസക്കാരാണെന്ന രേഖ സമർപ്പിക്കണം. ഫാസ്റ്റ്ടാഗിന് ഒരുവർഷത്തേക്ക് മൂവായിരം രൂപയാണ്. അതുപയോഗിച്ച് 200 ട്രിപ്പുകൾ നടത്താം.
അഞ്ച് പ്രവേശന മാർഗങ്ങളാണ് പ്ലാസയിലുള്ളത്. തിരക്ക് കുറക്കാനായി പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ രണ്ടു ഭാഗത്തും ടോൾപ്ലാസ നിർമിച്ചിട്ടുണ്ട്. വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള പ്രധാന പാതയുടെ നിർമാണം ഇതിനകം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഏതാനുമിടങ്ങളിലെ നാമമാത്രമായ പ്രവൃത്തികൾ മാത്രമാണ് പൂർത്തീകരിക്കാനുള്ളത്. അതേസമയം, സർവിസ് റോഡിന്റെ പ്രവൃത്തി ഇനിയും അവശേഷിക്കുന്നുണ്ട്. മലാപ്പറമ്പ് ജങ്ഷൻ മുതൽ പാച്ചാക്കിൽവരെ, നെല്ലിക്കോടിന് സമീപം, ഹൈലൈറ്റ് മാൾ, മെട്രോമെഡ് ആശുപത്രി എന്നിവിടങ്ങളിലാണ് സർവിസ് റോഡ് നിർമാണം പൂർത്തിയാക്കാനുള്ളത്. മലാപ്പറമ്പിൽ സോയിൽ നെയിലിങ് മാറ്റിയുള്ള പുതിയ ഡിസൈനിന് അംഗീകാരമായിട്ടുണ്ട്. ഉടൻതന്നെ പ്രവൃത്തി തുടങ്ങും.
ദേശീയപാതയിൽ അടിയന്തര സഹായമൊരുക്കുന്നതിനായി കൂടത്തുംപാറ ടോൾപ്ലാസയിൽ രണ്ട് ആംബുലൻസുകൾ ഒരുക്കിയിട്ടുണ്ട്. ദേശീയപാത അതോറിറ്റിയാണ് സൗജന്യമായി ആംബുലൻസ് സേവനം ഏർപ്പെടുത്തിയത്. ടോൾ ഫ്രീ നമ്പറായ 1033ൽ വിളിച്ചറിയിച്ചാൽ ആംബുലൻസ് അപകടസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കും. ദേശീയപാതയുടെ വശങ്ങളിലുള്ള സുരക്ഷഭിത്തിയിൽ നൂറു മീറ്റർ ഇടവിട്ട് മഞ്ഞയിൽ കറുപ്പ് അക്കങ്ങളിൽ രേഖപ്പെടുത്തിയ നമ്പർകൂടി അറിയിക്കുന്നപക്ഷം ഉടൻ എത്തിച്ചേരാനാകും. ദേശീയപാതയിൽ നിരീക്ഷണം നടത്തുന്നതിനായി രണ്ടു പട്രോളിങ് വാഹനങ്ങളും തയാറായിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് നീക്കംചെയ്യുന്നതിന് ക്രെയിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളും തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

