കഠിന കഠോരമീ യാത്ര
text_fieldsശോച്യാവസ്ഥയിലായ വേലായുധൻ നായർ റോഡ്
നന്മണ്ട: ഗ്രാമപഞ്ചായത്ത് ഒമ്പത്, പത്ത് വാർഡുകളിലൂടെ കടന്നുപോകുന്ന വേലായുധൻ നായർ റോഡ് വേനൽമഴയിൽ തകർന്നതോടെ ഗ്രാമീണരുടെ യാത്ര ക്ലേശകരമായി. പതിറ്റാണ്ടുകൾക്ക് മുമ്പ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡിന് കുടിവെള്ള പൈപ്പിട്ടതോടെയാണ് കണ്ടകശനി തുടങ്ങിയത്.
മരക്കാട്ട് - കുട്ടമ്പൂർ റോഡുമായി ബന്ധിക്കുന്ന റോഡായതിനാൽ കുട്ടമ്പൂർ പ്രദേശത്തുകാർക്ക് എളുപ്പത്തിൽ നന്മണ്ടയിലേക്ക് പോകാനാകുമായിരുന്നു. കുണ്ടും കുഴിയുമായി മാറിയ റോഡിൽ ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്.
രണ്ടാം ഘട്ട പൈപ്പിടലാണ് ശോച്യാവസ്ഥ പാരമ്യത്തിലെത്തിക്കാൻ കാരണമായത്. 2022 ആഗസ്റ്റിൽ ജപ്പാൻ കുടിവെള്ള പദ്ധതിക്കായി മൂന്നിഞ്ച് പൈപ്പ് ഇടാൻ അരമീറ്റർ അധികം വീതിയിൽ അശാസ്ത്രീയമായി കിടങ്ങ് കീറി പൈപ്പിട്ടിരുന്നു. എന്നാൽ, കോൺക്രീറ്റ് ചെയ്യാതെ മണ്ണിട്ട് നികത്തിയതിനാൽ അടിയിൽ നിരത്തിയിരുന്ന കരിങ്കല്ലും മറ്റും ഇപ്പോഴും പുറത്താണ്.
ഇത് വാഹനത്തിന്റെ അടിഭാഗം തട്ടുന്നതും യാത്രക്കാർക്ക് ദുരിതമാണ്. മഴ തുടങ്ങിയതോടെ വലിയ വാഹനങ്ങൾ താഴ്ന്നു പോകുന്നു. ഓട്ടോറിക്ഷ അടക്കം ഓടാൻ മടിക്കുന്നു. രോഗികളെ പോലും ചുമലിലേറ്റി പ്രധാന റോഡിലെത്തിക്കണമെന്ന സ്ഥിതിയാണ്. നിരവധി തവണ പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. പഞ്ചായത്തും ജലനിധിയും കൈയൊഴിയുകയാണെന്നും പരാതി ഉയരുന്നു.
റെസിഡൻസ് അസോസിയേഷൻ ജലനിധിയുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. നന്മണ്ട പഞ്ചായത്ത് 2023 -24 പദ്ധതിയിൽ അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ജല അതോറിറ്റി റോഡ് പൂർവസ്ഥിതിയിലാക്കിയാൽ മാത്രമേ ഈ ഫണ്ട് ഉപയോഗപ്പെടുത്താൻ കഴിയൂവെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

